ശബരിമല യാത്രക്കിടെ ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം കൂടുന്നു; തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
ഒരുമാസത്തിനിടെ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള യാത്രക്കിടെ 22 പേരാണ് മരിച്ചത്
പത്തനംത്തിട്ട: ശബരിമല യാത്രക്കിടെ ഹൃദയാഘാതം കാരണം മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. തീർത്ഥാടനം ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള യാത്രക്കിടെ 22 പേരാണ് ഇത്തവണ മരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങൾ അവഗണിച്ച് വിശ്രമമില്ലാതെ പലരും മലകയറുന്നതാണ് ഇതിന് കാരണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം.
ശബരിമല തീർത്ഥാടകർക്കായി മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാമെങ്കിലും പലരുടെയും തീർത്ഥ യാത്രയിൽ ഹൃദയാഘാതം വില്ലനാവുകയാണ്. മണ്ഡലകാലം തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ 98 പേരാണ് ഹൃദ്രോഗത്തെ തുടർന്ന് പാതിവഴിയിൽ വീണ് പോയത്. കുഴഞ്ഞ് വീണവരിൽ 76 പേരെയും അടിയന്തരചികിത്സ നൽകി രക്ഷപ്പെടുത്താനും സാധിച്ചു. എന്നാൽ ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ച മെഡിക്കൽ സംഘം കിണഞ്ഞ് ശ്രമിച്ചിട്ടും 22 പേരുടെ ജീവൻ നിലനിർത്താനായില്ല.
പമ്പ മുതൽ സന്നിധാനം വരെയുള്ള അതികഠിന യാത്രക്കിടയിൽ നീലമല പാതയിലും അപ്പാച്ചി മേട്ടിലും വച്ചാണ് ഏറെ പേർക്കും അവശതകൾ തോന്നിയത്. കുഴഞ്ഞ് വീണ് 10 മിനിറ്റകം തന്നെ ഇവരിൽ പലരെയും നീലിമലയിലെയും പമ്പയിലേയും സന്നിധാനത്തെയും ആശുപത്രിക്കാനായി.
യാത്രക്കിടയിൽ മരണമടഞ്ഞ 22 പേരിൽ ഭൂരിപക്ഷവും മധ്യവയ്കരാണ്. ഇവരിൽ തന്നെ 19 പേർക്കും അടിയന്തര ചികിത്സ നൽകാനായതും ആരോഗ്യ വകുപ്പ് നേട്ടമായി കരുതുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രികളാണ് സന്നിധാനത്തും നീലിമയിലും പമ്പയിലുമുള്ളത്. എന്നാൽ കഴിയുന്നതും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും രോഗബാധിതരും ശബരിമല യാത്ര ഒഴിവാക്കാനാണ് തന്നെയാണ് ഈ ആശുപത്രികളിലെ വിദഗ്ദ മെഡിക്കൽ സംഘങ്ങളും അഭിപ്രായപ്പെടുന്നത്.