തെക്കൻ കേരളത്തിൽ കനത്ത മഴ; പുനലൂരിൽ മലവെള്ളപ്പാച്ചിൽ
ഇടപ്പാളയത്താണ് മലവെള്ളപ്പാച്ചിലുണ്ടായത്
തെക്കൻ കേരളത്തിൽ കനത്ത മഴ. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കൊല്ലം പുനലൂരിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഇടപ്പാളയത്താണ് മലവെള്ളപ്പാച്ചിലുണ്ടായത്. നാല് വീടുകളിൽ വെള്ളം കയറി. ആളപായമില്ല. ഒരു ജീപ്പും കാറും ഓട്ടോറിക്ഷയും ഒഴുകിപ്പോയി.
കോട്ടയം എരുമേലി എയ്ഞ്ചൽവാലിയിൽ ഉരുൾപൊട്ടി. നിരവധി വീടുകളിൽ വെള്ളം കയറിയതായും ആളപായമില്ലായെന്നും റിപ്പോർട്ട് ചെയ്തു. പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രാദേശികമായി ലഭിക്കുന്ന വിവരം അനുസരിച്ച് ഉരുൾ പൊട്ടിയത് വനത്തിലാണെന്നും വെള്ളം വീടുകളിൽ കയറിയെങ്കിലും ഇപ്പോൾ ഒഴുകി പോയിട്ടുണ്ട് എന്നും പ്രാഥമികമായി റിപ്പോർട്ട് ചെയ്യുന്നു.
ഇടുക്കി ഉൾപ്പടെ നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്. നവംബർ ഒന്നു വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.