ഇന്ധന കുടിശ്ശിക 18.68 ലക്ഷം; റഷ്യൻ കപ്പൽ കൊച്ചി തുറമുഖത്ത് അറസ്റ്റ് ചെയ്തിടാൻ ഹൈക്കോടതി ഉത്തരവ്
എസ്റ്റോണിയയിലെ ഇന്ധനക്കമ്പനി കേരള ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ജസ്റ്റിസ് സതീഷ് നൈനാനാണ് ഉത്തരവിട്ടത്
കൊച്ചി: നാവികസേനയ്ക്കു കൊച്ചിയിലേക്ക് ചരക്കുമായെത്തിയ എം.വി മയ 1 എന്ന റഷ്യൻ കപ്പൽ കൊച്ചി തുറമുഖത്ത് അറസ്റ്റ് ചെയ്തിടാൻ ഹൈക്കോടതി ഉത്തരവ്. എസ്റ്റോണിയയിലെ ഇന്ധനക്കമ്പനി കേരള ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ജസ്റ്റിസ് സതീഷ് നൈനാനാണ് ഉത്തരവിട്ടത്. ഇന്ധനം വാങ്ങിയ വകയിൽ 18.68 ലക്ഷം രൂപ കുടിശ്ശിക വരുത്തിയെന്നാരോപിച്ചാണ് ഹരജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
അന്താരാഷ്ട്ര സമുദ്ര നിയമപ്രകാരം കപ്പൽ നിലവിലുള്ള തുറുഖത്തെ നിർദ്ദിഷ്ട കോടതിയിൽ ഇത്തരം ഹർജികൾ ഫയൽ ചെയ്യാനാവും. ഈ നിയമവ്യവസ്ഥയനുസരിച്ചാണ് എസ്റ്റോണിയൻ കമ്പനി കേരള ഹൈക്കോടതിയിൽ ഹർജി നൽകിയത്. കപ്പൽ കൊച്ചി തുറമുഖത്താണ് നങ്കൂരമിട്ടതെന്ന് കണ്ടെത്തിയാണ് ഇന്ധന കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. കപ്പൽ തടഞ്ഞിട്ടെങ്കിലും ആയുധങ്ങൾ ഇറക്കുന്നതിനോ ചരക്കു നീക്കത്തിനോ തടസമുണ്ടാവില്ല. റഷ്യയും ഉക്രെയിനും തമ്മിലുള്ള യുദ്ധത്തെത്തുടർന്നാണ് ഇന്ധന വില കുടിശ്ശിക വന്നതെന്ന് കപ്പൽ കമ്പനി അധികൃതർ വിശദീകരിച്ചു. ഇന്ധന വില കുടിശ്ശികയ്ക്കു തുല്യമായ തുക കെട്ടിവച്ചാൽ കപ്പലിന് തീരം വിടാനാകും.
High Court order to arrest Russian ship MV Maya 1 at Kochi port