ഹിമാചൽ: ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്ന് കെസി വേണുഗോപാൽ
ബിജെപിയിലേക്ക് ചാടേണ്ടവർ നേരത്തെ പോയെന്നും ആശങ്കയില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ സമവായത്തിലൂടെ മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസ്. നിയമസഭാ കക്ഷി യോഗം അല്പ സമയത്തിനുള്ളിൽ ചേരും. പ്രതിഭ സിംഗ്, സുഖ് വിന്ദർ സിങ് സുഖു, മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.
ഹിമാചലിൽ ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എംഎൽഎമാരുടെ നിർദേശങ്ങൾ കേൾക്കും. ബിജെപിയിലേക്ക് ചാടേണ്ടവർ നേരത്തെ പോയെന്നും ആശങ്കയില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ഷിംലയിൽ ചേരുന്ന നിയമസഭാ കക്ഷിയോഗത്തിൽ എംഎൽഎമാരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാകും തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഒരു ഒറ്റവരി പ്രമേയം പാസാക്കാനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്ന മൂന്ന് പേരുകളും ഹൈക്കമാൻഡിലേക്ക് അയക്കും. മൂന്ന് നേതാക്കളും സംസ്ഥാനത്ത് സജീവ സാന്നിധ്യം അറിയിച്ചവരാണ്. നിലവിലെ പിസിസി അധ്യക്ഷയാണ് പ്രതിഭാ സിങ്. തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചുവെന്ന പരിഗണന തനിക്ക് ലഭിക്കുമെന്നാണ് പ്രതിഭയുടെ പ്രതീക്ഷ. മുൻമുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ പത്നി കൂടിയാണ് പ്രതിഭാ സിങ്.
മൂന്ന് തവണ എംഎൽഎയായ വ്യക്തിയാണ് സുഖ് വിന്ദർ സിങ് സുഖു. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയും ഇദ്ദേഹത്തിന് ലഭിച്ചേക്കും. നാല് തവണ ഹിമാചലിൽ എംഎൽഎ പദത്തിലെത്തിയ വ്യക്തിയാണ് മുകേഷ് അഗ്നിഹോത്രി. നിലവിലെ പ്രതിപക്ഷ നേതാവ് കൂടിയാണ് അദ്ദേഹം. ഇങ്ങനെ മൂന്ന് നേതാക്കളും മുന്നിൽ നിൽക്കുമ്പോൾ ആരെയാകും ഹിമാചലിലെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിക്കുക എന്നത് കോൺഗ്രസിന് വലിയൊരു കടമ്പയാകും.