മരണ വീടുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ്; ചികിത്സ സഹായമെന്ന പേരില്‍ പണം വാങ്ങുന്നു
മരിച്ചയാളുമായി സൌഹൃദമുണ്ടെന്ന് പറഞ്ഞ് വീടുകളിലെത്തി ചികിത്സസഹായമെന്ന പേരിലാണ് പണം തട്ടുന്നത്
മരണവീടുകൾ കേന്ദ്രീകരിച്ച് പണം തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാകുന്നു. കോട്ടയം അതിരമ്പുഴ മേഖലകളിലാണ് പുതിയ രീതിയിലുള്ള തട്ടിപ്പ് നടക്കുന്നത്. മരിച്ചയാളുമായി സൌഹൃദമുണ്ടെന്ന് പറഞ്ഞ് വീടുകളിലെത്തി ചികിത്സസഹായമെന്ന പേരിലാണ് പണം തട്ടുന്നത്. ഇത്തരത്തില്‍ നിരവധി പേരില്‍ നിന്നും പണം നഷ്ടമായതായാണ് വിവരം.
ചികിത്സയ്ക്കായി പണം ചോദിച്ച് എത്തുന്നതിനാല്‍ പലര്‍ക്കും തട്ടിപ്പാണെന്ന് ആദ്യം മനസിലായില്ല. മരണം നടന്ന പല വീടുകളിലും ഇതുപോലെ ആളുകള്‍ എത്തിയതോടെയാണ് തട്ടിപ്പാണെന്ന തിരിച്ചറിഞ്ഞത്. അതിരമ്പുഴ മണ്ണാര്‍ക്കുന്ന് പ്രദേശത്താണ് അവസാനം തട്ടിപ്പ് നടന്നത്. മരിച്ചയാളുമായി സൌഹൃദമുണ്ടെന്നും അദ്ദേഹം പണം വാഗ്ദാനം ചെയ്തുവെന്നും വീട്ടുകാരെ അറിയിക്കുകയാണ് പതിവ്. മരണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ വീടുകളില്‍ എത്തും.
മക്കള്‍ വിദേശത്തുള്ളവരുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സംശയം തോന്നാതിരിക്കാന്‍ മരിച്ചയാളെ കുറിച്ച് വിവരങ്ങള്‍ വിശദമായി പഠിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഓട്ടോറിക്ഷയിലാണ് തട്ടിപ്പുകാര്‍ എത്തുന്നത്. കഴിഞ്ഞ ദിവസം മണ്ണാര്‍കുന്നില്‍ എത്തിയ ഓട്ടോയുടെ തിരിച്ചറിഞ്ഞതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്. തട്ടിപ്പിന് ഇരയാകുന്നവര്‍ കൂടുതലായതോടെ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.