പുനർവിവാഹ താൽപര്യമറിയിച്ച മലയാളിയെ ഭീഷണിപ്പെടുത്തി പണം തട്ടി; ഹൈദരാബാദ് സ്വദേശി പിടിയിൽ
2,90,000 രൂപയാണ് മട്ടാഞ്ചേരി സ്വദേശിയിൽ നിന്ന് ഇയാൾ തട്ടിയെടുത്തത്.
കൊച്ചി: മലയാളി യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ ഹൈദരാബാദ് സ്വദേശി അറസ്റ്റിൽ. അനൂപ് കുമാർ അസാവ (36) എന്നയാളെയാണ് മട്ടാഞ്ചേരി പൊലീസ് ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2,90,000 രൂപയാണ് മട്ടാഞ്ചേരി സ്വദേശിയിൽ നിന്ന് ഇയാൾ തട്ടിയെടുത്തത്.
ഫേസ്‌ബുക്കിൽ പുനർവിവാഹ പരസ്യം കണ്ട് താൽപര്യമുണ്ടെന്ന് അറിയിച്ച പരാതിക്കാരനെ തന്ത്രപരമായി കുടുക്കി ഭീഷണിപ്പെടുത്തി പലതവണകളായി പണം കൈക്കലാക്കുകയായിരുന്നു. മട്ടാഞ്ചേരി അസി. കമ്മീഷണര്‍ മനോജ്. കെ.ആറിന്റെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. ഇവർ ഹൈദരാബാദിലുണ്ടെന്ന് മനസിലാക്കി മട്ടാഞ്ചേരി പൊലീസ് അവിടെ ചെന്ന് ഒരാളെ പിടികൂടുകയുമായിരുന്നു.
മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.എ ഷിബിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ മധുസൂദനൻ, അരുൺകുമാർ, സീനിയർ സിവില്‍ പൊലിസ് ഓഫീസര്‍ എഡ്വിൻ റോസ്, സിവിൽ പൊലീസ് ഓഫീസർമാരായ ബേബിലാൽ, സനീഷ്, അക്ഷര രാധാകൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.