ഇടുക്കി അനധികൃത ഖനനം: ജുഡീഷണൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

സിപിഎമ്മിൻ്റെ നേതൃത്വത്തിൽ വൻകിട കയ്യേറ്റ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നാണ് ആരോപണം

Update: 2025-02-26 01:42 GMT
ഇടുക്കി അനധികൃത ഖനനം: ജുഡീഷണൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
AddThis Website Tools
Advertising

ഇടുക്കി: ഇടുക്കിയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ജുഡീഷണൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്ത് വന്നതെന്നും ജില്ലയിൽ സിപിഎമ്മിൻ്റെ നേതൃത്വത്തിൽ വൻകിട കയ്യേറ്റ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് ആരോപണം. ആരോപണം സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗീസ് തള്ളി.

അനധികൃത ഖനനം ജില്ലയിൽ വ്യാപകമാണെന്ന പരാതിയുടെയും മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിൻ്റെ റിപ്പോർട്ടുകളുടെയും പശ്ചാത്തലത്തിലാണ് റവന്യൂ വകുപ്പിൻ്റെ അന്വേഷണം. മുമ്പ് സ്റ്റോപ്പ് മെമ്മോ നൽകിയതും പിഴ ചുമത്തിയതുമായ ക്വാറികൾ വീണ്ടും പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതോടെയാണ് ജുഡീഷണൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയത്. ഭരണത്തിൻ്റെ തണലിൽ നടത്തിയ ഏറ്റവും വലിയ കൊള്ളയാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്നതെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം.

ഭരണത്തിന്റെ തണലിൽ സിപിഎം തീവെട്ടി കൊള്ള നടത്തുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗ്ഗിസിനെതിരെ ജുഡീഷ്വൽ അന്വേഷണം പ്രഖ്യാപിക്കണം. പാവപെട്ടവന്റെ അവകാശങ്ങൾ നിഷേധിച്ചു കൊണ്ട് മറുവശത്ത് സിപിഎം നാടിനെ കൊള്ളയടിക്കുന്നു. സിപിഎം അഴിമതിയുടെ കരിനിഴലിലാണ്. സർക്കാർ ഇത്തരക്കാരെ സംരക്ഷിക്കുകയാണെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.

ഇടുക്കി താലൂക്കിൽ പാറ ഖനനത്തിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തണമെന്ന ജിയോളജി വകുപ്പിൻ്റെ റിപ്പോർട്ട് അവഗണിച്ചാണ് ഉപ്പുതോട്, തങ്കമണി വില്ലേജുകളിൽ ഖനന മാഫിയയുടെ പ്രവർത്തനം. പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലും സ്ഥിതി വ്യത്യസ്തമല്ല. അനധികൃത ഖനനം നടത്തിയവർക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെന്നും അവഗണിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നുമാണ് ജില്ലാ കളക്ടറുടെ ഉറപ്പ്. അനധികൃതമായി സ്പോടക വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നവരെക്കുറിച്ചും അന്വേഷിക്കും. രണ്ട് സബ് കളക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ജില്ലയിൽ പരിശോധന നടത്തുന്നത്.

Full View


Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News