ബാധയുണ്ടെന്ന് ദുർമന്ത്രവാദികൾ; കൊല്ലത്ത് യുവതിയെ കെട്ടിയിട്ട് നഗ്നപൂജ

പരാതിയുമായി സമീപിച്ചെങ്കിലും ആദ്യ ഘട്ടത്തിൽ തനിക്ക് അനുകൂലമായ നിലപാട് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് യുവതി

Update: 2022-10-21 14:14 GMT
Editor : afsal137 | By : Web Desk
Advertising

ചടയമംഗലം: കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദം നടത്തിയെന്നും പരാതി. ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ ഭർത്താവും ഭർതൃമാതാവും നഗ്നന പൂജയ്ക്ക് ഇരയാക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ആറ്റിങ്ങൽ സ്വദേശിയുടെ പരാതിയിൽ കൊല്ലം ചടയമംഗലം പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. 

2016ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ചടയമംഗലത്തെ ഭർതൃവീട്ടിൽ നഗ്നയാക്കി പീഡിപ്പിക്കുകയും ദുർമന്ത്രവാദത്തിനിരയാക്കിയെന്നുമാണ് പരാതിക്കാരിയുടെ മൊഴി. ഭർത്താവ്, ഭർതൃ മാതാവ്, ഭർത്താവിന്റെ സഹോദരി, ഇവരുടെ രണ്ട് സുഹൃത്തുക്കൾ തുടങ്ങിയവരാണ് യുവതിയെ നഗ്നപൂജയ്ക്ക് ഇരയാക്കിയത്. മന്ത്രവാദികളായ രണ്ടുപേർ സ്ഥിരമായി ഭർത്താവിന്റെ വീട്ടിൽ എത്തുന്നവരായിരുന്നു. ഇവരാണ് യുവതിയുടെ ദേഹത്ത് ബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കാനായി മന്ത്രവാദം നടത്തണമെന്നും ഭർത്താവിനോട് ആവശ്യപ്പെട്ടത്. പിന്നീട് ബാധ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ പല സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

പല സമയത്തും ഇവർ ശാരീരികമായി ഉപദ്രവിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. വീടിന് സമീപത്തുള്ള കെട്ടിടത്തിലേക്കാണ് യുവതിയെ നഗ്ന പൂജയ്ക്കായി കൊണ്ടുപോയത്. തന്നെ പോലെ മറ്റു യുവതികളെയും ഇവർ സമാനമായ രീതിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന ആരോപണവും യുവതി മുന്നോട്ട് വയ്ക്കുന്നുണ്ട്. പരാതിയുമായി ആദ്യ ഘട്ടത്തിൽ സമീപിച്ചെങ്കിലും തനിക്ക് അനുകൂലമായ നിലപാട് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും യുവതി വ്യക്തമാക്കി.

നിലമേൽ സിദ്ദീഖ് എന്നയാൾ തന്റെ ഉടുപ്പ് വലിച്ചു കീറി. ഇതൊക്കെ ഭർത്താവിനോടും പറഞ്ഞു. എന്നാൽ അതൊന്നും സാരമില്ല മന്ത്രവാദത്തിന്റെ ഭാഗമായാണിതൊക്കെ എന്നായിരുന്നു ഭർത്താവിന്റെ മറുപടി. ഹണിമൂൺ ട്രിപ്പെന്ന് പറഞ്ഞ് ബാംഗ്ലൂരിൽ കൊണ്ടുപോയി അഞ്ച് ദിവസം തുടർച്ചയായി പീഡിപ്പിച്ചെന്നും യുവതി മീഡിയവണ്ണിനോട് പറഞ്ഞു. ഭർതൃമാതാവിനെയും ഭർത്താവിനെയും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. കേസിൽ മറ്റൊരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ദുർമന്ത്രവാദത്തിന് നേതൃത്വം നൽകിയവരെ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. തനിക്കുണ്ടായ ദുരനുഭവത്തിന്റെ പശ്ചാതലത്തിൽ രണ്ട് മാസങ്ങൾക്ക് ശേഷം യുവതി ഭർതൃവീട് വിട്ടിറങ്ങിയിരുന്നു. ദുർമന്ത്രവാദത്തിനും മറ്റു അനാചരങ്ങൾക്കുമെതിരെ പൊലീസും വിവിധ സംഘടനങ്ങളും ഉണർന്നു പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് പരാതിപ്പെടാൻ തനിക്ക് ധൈര്യമുണ്ടായതെന്നും യുവതി വ്യക്തമാക്കി. 

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News