'അതിജീവനത്തിന് ഊർജ്ജം പകരുന്നതാവണം സ്വാതന്ത്ര്യദിനാഘോഷം': മുഖ്യമന്ത്രി
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തി
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തും വിവിധ പരിപാടികൾ നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. നാടിന്റെ പൊതുവായ അതിജീവനത്തിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാവണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിന പരേഡിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത്തവണത്തെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിലാണ് സ്വാതന്ത്ര്യദിനാഘോഷം .വിഷമിച്ചിരുന്നാൽ മതിയാകില്ല, നമുക്ക് അതിജീവിക്കണം. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നേട്ടങ്ങൾ ഉണ്ടെന്നു പറയുമ്പോഴും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പോലും പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തിൽ അവക്കെതിരെ പ്രതിരോധം തീർക്കാൻ രാജ്യത്തിന് കഴിയുന്നില്ല.പൊതുവായ മുന്നറിയിപ്പുകൾ അല്ല, കൃത്യമായ പ്രവചനങ്ങളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കുക. ലോകത്താകെയുള്ള പല അനുഭവങ്ങളും ഇതിനോടകം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ രാജ്യത്തും ആ നിലയ്ക്ക് ഉയരാൻ വേണ്ട ഇടപെടലുകൾ നടത്തേണ്ടതുണ്ട്'. മുഖ്യമന്ത്രി പറഞ്ഞു.
'പല മേഖലകളിലും നാം വളരെ മികച്ച നിലയിലാണ്. എന്നാൽ ശാസ്ത്രാവബോധത്തിൽ കോട്ടം ഉണ്ടാകുന്നു എന്ന സാഹചര്യം കാണാതെ പോകരുത്. കേവലം കോട്ടം വരൽ മാത്രമല്ല. അന്ധവിശ്വാസങ്ങളുടെ, ദുരാചാരങ്ങളുടെ, പ്രാകൃത അനുഷ്ഠാനങ്ങളുടെ, പുനരുജ്ജീവിതത്തിലേക്ക് പോലും പോകുന്നു. ഏതുകാലത്തെ താണ്ടിയാണോ പുതുകാലത്തേക്ക് വന്നത് ആ കാലത്തിന്റെ അന്ധകാരത്തെ തിരിച്ചുകൊണ്ടുവരാൻ ജാതീയതയും വർഗീയതയും ആയുധമാക്കി ചിലർ ശ്രമിക്കുന്നു'.
'ശാസ്ത്രാവബോധത്തിൽ ഉണ്ടാകുന്ന പിന്നോട്ട് പോക്ക് വിഘടന വിഭാഗീയ പ്രവണതകൾക്ക് വളം വയ്ക്കുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ഇത്തരം പ്രവണതകൾ രാജ്യത്തിൻറെ ഐക്യത്തെയും അഖണ്ഡതയെയും പ്രതികൂലമായി ബാധിക്കാതിരിക്കാൻ ഒരു ജനത എന്ന നിലയ്ക്ക് നാം ശ്രദ്ധ പുലർത്തണം. രാജ്യത്ത് എവിടെയും വിവേചനങ്ങളും അതിക്രമങ്ങളും നേരിടുന്ന ജനവിഭാഗങ്ങളോട് ഐക്യപ്പെടാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും നിലനിൽപ്പ് ഉറപ്പുവരുത്താനും നാം ശ്രദ്ധിക്കണം'.. മുഖ്യമന്ത്രി പറഞ്ഞു.
തൃശ്ശൂരിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പതാക ഉയർത്തി. ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.