വില കൂടുതൽ, വാങ്ങാനാളുമില്ല; റഷ്യയുടെ സ്പുട്‌നിക്കിനോട് 'നോ' പറഞ്ഞ് ആശുപത്രികൾ
സർക്കാർ സൗജന്യമായി വാക്‌സിൻ നൽകുമ്പോൾ ഒരു ഡോസിന് 995 രൂപ നൽകി ആരും സ്പുട്‌നിക് വാക്‌സിൻ വാങ്ങാൻ എത്തുന്നില്ലെന്ന വസ്തുതയാണ് ആശുപത്രികൾ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ റഷ്യയുടെ സ്പുട്നിക് വാക്സിൻ വാങ്ങുന്നത് നിർത്തുന്നു. വിലക്കൂടുതലും വാക്സിൻ സ്വീകരിക്കാൻ ആളുകൾ എത്താത്തതുമാണ് സ്പുട്നിക് വാക്സിനോട് ആശുപത്രികള്‍ 'നോ' പറയാന്‍ കാരണം. -18 ഡിഗ്രി സെൽഷ്യസ് താപനനിലയിൽ വാക്സിൻസൂക്ഷി ക്കണമെന്നതും വെല്ലുവിളിയാണെന്ന് ആശുപത്രികൾ ചൂണ്ടിക്കാട്ടുന്നു.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാക്സിൻ വിതരണ കമ്പനിയായ ഡോക്ടർ റഡ്ഡീസ് ലബോറട്ടറീസാണ് സ്പുട്നിക് വി വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്. ഇതുവരെ പത്ത് ലക്ഷത്തോളം വാക്സിൻ ഡോസുകൾ കമ്പനി ഉത്പാദിപ്പിച്ചു. എന്നാൽ സ്പുട്നിക് വാക്സിൻ സ്വീകരിക്കാൻ ആളുകൾ തയ്യാറാകുന്നില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ പറയുന്നു. സർക്കാർ സൗജന്യമായി വാക്‌സിൻ നൽകുമ്പോൾ ഒരു ഡോസിന് 995 രൂപ നൽകി ആരും സ്പുട്‌നിക് വാക്‌സിൻ വാങ്ങാൻ എത്തുന്നില്ലെന്ന വസ്തുതയാണ് ആശുപത്രികൾ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ദിവസം പുനെയിലെ ഭാരതീയ ആശുപത്രി 1000 ഡോസുകൾക്കുള്ള ഓർഡർ റദ്ദാക്കിയതായി റഡ്ഡീസ് ലബോറട്ടറി ലിമിറ്റഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 90 ശതമാനം ഫലപ്രാപ്തിയാണ് സ്പുട്നിക് വാക്സിനുള്ളതെന്നാണ് കമ്പനിയുടെ അവകാശവാദം. ഇന്ത്യ ഉൾപ്പെടെ 68 രാജ്യങ്ങൾ വാക്സിന് അനുമതി നൽകി കഴിഞ്ഞു. സ്വകാര്യ ആശുപത്രികൾ വാക്സിൻ വാങ്ങുന്നത് അവസാനിപ്പിക്കുമ്പോൾ ഉത്പാദനം നിർത്തേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഡോക്ടർ റഡ്ഡീസ് ലബോറട്ടറീസ്.