ഇന്‍ഡിഗോയുടെ ബസ് ട്രാൻസ്പോർട്ട് വിഭാഗം കസ്റ്റഡിയിലെടുത്തു
നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്ന് ആർ.ടി.ഒ
കോഴിക്കോട്: ഇൻഡിഗോ എയർലൈൻസിന്‍റെ ബസ് ട്രാൻസ്പോർട്ട് വിഭാഗം കസ്റ്റഡിയിലെടുത്തു. ആറു മാസത്തെ നികുതി കുടിശ്ശികയുണ്ടെന്നാണ് ട്രാന്‍സ്പോര്‍ട്ട് വിഭാഗം അറിയിച്ചത്.
ഫറോക്ക് ചുങ്കത്ത് അശോക് ലെയ്‍ലന്‍ഡ് ഷോറൂമിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്ന് ആർ.ടി.ഒ അധികൃതർ അറിയിച്ചു.
ഫറോക്ക് ജോയിന്‍റ് ആർടിഒ ഷാജു ബക്കറിന്റെ നിർദേശ പ്രകാരം അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർമാരായ ഡി ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ചുതള്ളിയ ഇ.പി ജയരാജന് മൂന്ന് ആഴ്ചത്തെ യാത്രാ വിലക്ക് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരുന്നു. ഇൻഡിഗോയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കാണ് ഏര്‍പ്പെടുത്തിയത്.
ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്ന് പിന്നാലെ ഇ.പി ജയരാജന്‍ വ്യക്തമാക്കി- "നിലവാരമില്ലാത്ത കമ്പനിയാണത്. ഇന്നത്തെ ടിക്കറ്റ് അടക്കം റദ്ദാക്കി. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തില്ലെങ്കിൽ എനിക്ക് ഒന്നും സംഭവിക്കില്ല. അക്രമികളെ സംരക്ഷിക്കുന്ന നിലപാട്. ശരിക്കും എനിക്ക് അവാർഡ് നൽകേണ്ടതാണ്. അവർക്ക് ഉണ്ടാകേണ്ട ചീത്തപ്പേര് തടഞ്ഞത് ഞാനാണ്. ഞാൻ ആരാണെന്ന് പോലും അവർക്കറിയില്ല എന്നാണ് തോന്നുന്നത്. നടന്ന് പോയാലും ഇനിയവരുടെ വിമാനത്തിൽ കയറില്ല''- ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസമാണ് ഇൻഡിഗോ എയർലൈൻസിന്‍റെ ബസ് ട്രാൻസ്പോർട്ട് വിഭാഗം കസ്റ്റഡിയിലെടുത്തത്.