ഐ.എസ്.എൽ; അധിക സർവീസുമായി കൊച്ചി മെട്രോ, ടിക്കറ്റ് നിരക്കിലും ഇളവ്
രാത്രി പത്തുമണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്.
കൊച്ചി: ഒക്ടോബർ 27ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്നതിനാൽ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവീസ് ഒരുക്കുന്നു. ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്.എൻ ജങ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവീസ് 11.30ന് ആയിരിക്കും. രാത്രി പത്തുമണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്.
മത്സരം കാണുന്നതിനായി മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാൻ സാധിക്കും. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. മെട്രോയിൽ ജെ.എൽ.എൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എത്തുന്നവർക്ക് റോഡ് മുറിച്ച് കടക്കാതെ മെട്രോ സ്റ്റേഷന് അകത്ത് നിന്ന് തന്നെ സ്റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാവുന്നതാണ്.
കൊച്ചിയിൽ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധികസർവീസ് ഏർപ്പെടുത്തുന്നുണ്ട്. പൊതുജനങ്ങൾക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്ബോൾ ആരാധകർക്കും മെട്രോ സർവീസ് പ്രയോജനപ്പെടുത്താം. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളൾ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.
ഫുട്ബോൾ പ്രേമികളുടെ ആവേശം ഇരട്ടിയാക്കാൻ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ ഇത്തവണ രാവിലെ 10 മുതൽ രാത്രി ഒൻപത് മണി വരെ വെർച്വൽ റിയാലിറ്റി, 360 ഡിഗ്രി വീഡിയോ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനിൽ എത്തുന്നവർക്ക് ഈ ബൂത്തിൽ ഒരുക്കിയിരിക്കുന്ന ഗോൾ വലയിലേക്ക് പന്ത് തട്ടാം. വെർച്വൽ റിയാലിറ്റി വഴി ഫുട്ബോൾ ആവേശത്തിൽ പങ്കുചേരാനും 360 ഡിഗ്രി വീഡിയോ എടുക്കുന്നതിനും അവസരമുണ്ടാകും. വൺ വൈബ് എന്ന സ്ഥാപനവുമായി കൈകോർത്താണ് കൊച്ചി മെട്രോ ഐ.എസ്.എൽ ആവേശം വെർച്വൽ റിയാലിറ്റി വഴി മെട്രോ സ്റ്റേഷനിലേക്ക് എത്തിക്കുന്നത്.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആൻഡ് പാർക്ക് സൗകര്യം ഉപയോഗിക്കാവുന്നതാണ്. തൃശൂർ, മലപ്പുറം ഭാഗത്ത് നിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് ബസുകളും കാറുകളും പാർക്ക് ചെയ്ത ശേഷം മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാൻ സാധിക്കും. അൻപത് കാറുകളും 10 ബസുകളും ഒരോ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്.
പറവൂർ, കൊടുങ്ങല്ലൂർ വഴി ദേശീയപാത 66ൽ എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്ത് മെട്രോയിൽ ജെ.എൽ.എൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും. 15 ബസ്സുകളും 30 കാറുകളും ഇടപ്പള്ളിയിൽ പാർക്ക് ചെയ്യാം. ആലപ്പുഴ, തിരുവനന്തപുരം ഭാഗത്ത് നിന്ന് റോഡ് മാർഗ്ഗം വരുന്നവർക്ക് വൈറ്റിലയിൽ നിന്ന് കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് സ്റ്റേഡിയത്തിലേക്കെത്താം. കോട്ടയം, ഇടുക്കി മേഖലയിൽ നിന്ന് വരുന്നവർക്ക് എസ്.എൻ ജങ്ഷൻ, വടക്കേക്കോട്ട സ്റ്റേഷനുകളിൽ നിന്ന് മെട്രോ സേവനം ഉപയോഗിക്കാം.