ഇസ്​ലാമിക പണ്ഡിതൻ ഹൈദരലി ശാന്തപുരം അന്തരിച്ചു

ഗ്രന്ഥകാരനും പ്രഭാഷകനും ജമാഅത്തെ ഇസ്​ലാമി മുൻ ശൂറാ അംഗവുമാണ്​

Update: 2025-01-05 05:46 GMT
Advertising

മലപ്പുറം: ഇസ്​ലാമിക പണ്ഡിതനും ​​ഗ്രന്ഥകാരനും ജമാഅത്തെ ഇസ്​ലാമി മുൻ ശൂറാ അംഗവുമായ ഹൈദരലി ശാന്തപുരം (81) അന്തരിച്ചു. ശാന്തപുരം അൽജാമിഅഃ അൽ ഇസ് ലാമിയ അലുംനി അസോസിയേഷൻ പ്രസിഡന്റ്, ശാന്തപുരം മഹല്ല് അസി. ഖാദി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അൽ ജാമിഅഃ സുപ്രീം കൗൺസിൽ, അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ, പെരിന്തൽമണ്ണ ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ്, പത്തിരിപ്പാല ബൈത്തുശ്ശാരിഖ എന്നിവയില്‍ അംഗമായിരുന്നു.

ജനനം 1943 ജൂലൈ-15 ന് മലപ്പുറം ജില്ലയിലെ ശാന്തപുരത്ത്. പിതാവ് മൊയ്തീന്‍, മാതാവ് ആമിന. മുള്ള്യാകുര്‍ശി അല്‍മദ്‌റസതുല്‍ ഇസ്‌ലാമിയയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1955- 1965-ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി ബിരുദങ്ങൾ നേടി.

1965-1968-ൽ അന്തമാനില്‍ പ്രബോധകനും ബോര്‍ഡ് ഓഫ് ഇസ്‌ലാമിക് എഡ്യുക്കേഷന്‍ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 1968-72-ൽ മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം. പ്രബോധനം വാരിക സബ് എഡിറ്റര്‍ (1972-1973), ജമാഅത്ത് കേരള ഹല്‍ഖാ ഓഫീസ് സെക്രട്ടറി (1974-75), സൗദി മതകാര്യാലയത്തിനു കീഴില്‍ യു.എ.ഇയില്‍ പ്രബോധകന്‍ (1976-2006), യു.എ.ഇയിലെ ഐ.സി.സി പ്രസിഡന്റ് (2000- 2006), ശാന്തപുരം അല്‍ ജാമിഅ ദഅ്‌വ കോളേജ് പ്രിന്‍സിപ്പൽ (2006-2008), അധ്യാപകൻ, ജമാഅത്തെ ഇസ്‌ലാമി കേരള ശൂറയിലെയും കേന്ദ്ര പ്രതിനിധി സഭയിലെയും അംഗം (2007-2015) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

സ്വതന്ത്ര കൃതികൾ: ഹജ്ജ്, എന്ത്, എങ്ങനെ?, ഹജ്ജ് യാത്ര, സംസ്‌കരണ ചിന്തകള്‍, ഉംറ ഗൈഡ്, വിശുദ്ധഖുര്‍ആന്‍ അമാനുഷിക ഗ്രന്ഥം, ഇസ്‌ലാമിക പ്രബോധനം വ്യക്തിതലത്തില്‍, പര്‍ദയണിഞ്ഞ കലാകാരികള്‍, ഹജ്ജ് യാത്രികര്‍ക്ക് ചില നിര്‍ദേശങ്ങള്‍.

വിവർത്തനങ്ങൾ: ഹറമിന്റെ സന്ദേശം, ശൈഖ് ഇബ്‌നുബാസിന്റെ ഫത്‌വകള്‍, ഹജ്ജ്, ഉംറ, സിയാറത്ത് ഗൈഡ് എന്നിവ. എ ഗൈഡ് ഫോര്‍ ഹജ്ജ്, ഹജ്ജ് യാത്ര, ഹജ്ജ് ഗൈഡ് എന്നീ വീഡിയോ കാസറ്റുകളും പുറത്തിറക്കി.

മുഹമ്മദ് അബുൽ ജലാൽ മൗലവിയോടൊപ്പം ഫൈസൽ രാജാവിനെ അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ സന്ദർശിച്ച് സംഭാഷണം നടത്തിയിട്ടുണ്ട്. യുഎഇ റേഡിയോ ഏഷ്യയില്‍ 13 വര്‍ഷം പ്രഭാഷണം നടത്തിയതിന് പുറമേ വിവിധ ടിവി പരിപാടികളിലും പങ്കെടുത്തു. കുവൈത്ത്​, ഒമാന്‍, ബഹ്റൈന്‍, ഖത്വര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: യു.ടി ഫാത്തിമ. മക്കൾ: ത്വയ്യിബ, ബുശ്റ, ഹുസ്ന, മാജിദ, അമീന. ഞായറാഴ്​ച ഉച്ചക്ക് രണ്ടിനു​ശേഷം ശാന്തപുരം അൽ ജാമിഅയിൽ പൊതുദർശനം നടക്കും. മയ്യിത്ത്​ നമസ്​കാരം അസർ നമസ്കാരശേഷം ശാന്തപുരം മഹല്ല് പള്ളിയിൽ.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News