പോള നിറഞ്ഞ ജലപാതയിലൂടെ യാത്ര ദുഷ്കരം; കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് പ്രതിസന്ധിയിൽ
ബോട്ട് സർവ്വീസുകൾ മണിക്കൂറുകളോളം വൈകുന്നു
ജലപാതയിൽ പോള ശല്യം രൂക്ഷമായതോടെ കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് പ്രതിസന്ധിയിലായി. കോട്ടയം കോടിമതയിൽ നിന്നും ആലപ്പുഴയ്ക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവ്വീസുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വേന്പനാട്ട് കായലിലേക്ക് എത്തുന്നത് വരെ ജലപാത പോളയും പുല്ലും നിറഞ്ഞു കിടക്കുകയാണ്. മണിക്കൂറുകളോളമാണ് ബോട്ടുകളുടെ പ്രൊപ്പല്ലറിൽ പോള കുടുങ്ങിക്കിടക്കിടക്കുന്നത്. ഇതിനിടയിലൂടെയുള്ള ബോട്ട് യാത്ര വലിയ ദുഷ്കരമാണ്. ബോട്ടിന്റെ പ്രോപ്പല്ലറിൽ പോള കുടുങ്ങി സർവ്വീസ് വൈകുന്നത് പതിവായിരിക്കുയാണ്.
ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പോള കാരണം ബോട്ട് ജെട്ടിയിൽ അടുപ്പിക്കാനും സാധിക്കാത്ത അവസ്ഥയുണ്ട്. നിലവിൽ മൂന്ന് സർവ്വീസുകളാണ് കോട്ടയത്ത് നിന്നും ആലപ്പുഴയിലേക്ക് ഉള്ളത്. പോള നീക്കിയില്ലെങ്കിൽ ഈ സർവ്വീസുകൾ പൂർണ്ണമായി ഉടൻ നിർത്തിവെക്കേണ്ടി വരും. വേന്പനാട്ട് കായലിലൂടെയുള്ള യാത്രക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്കും ഇത് തിരിച്ചടിയായിട്ടുണ്ട്.