കൊലപാതകം സുധാകരന്റെ തലയിൽ കെട്ടിവെക്കുന്നത് ശരിയല്ല; സുധാകരന് വിഡി സതീശന്റെ പിന്തുണ

കൊലപാതകത്തിന്റെ ഭാഗമായി സിപിഎം വ്യാപകമായി അക്രമം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും വിഡി സതീശൻ

Update: 2022-01-11 08:23 GMT
Editor : afsal137 | By : Web Desk
Advertising

കൊലപാതകം കെ സുധാകരന്റെ തലയിൽ കെട്ടിവെക്കുന്നത് ശരിയായ നടപടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വ്യാപകമായ വിമർശനമുയരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കൊലപാതകത്തെ കോൺഗ്രസ് ഒരിക്കലും പിന്തുണക്കുന്നില്ലെന്നും കൊലപാതകത്തിന്റെ ഭാഗമായി സിപിഎം വ്യാപകമായി അക്രമം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാമ്പസുകളിലെ അതിക്രമങ്ങൾ വളരെയധികം ഉയർന്ന തലത്തിലാണ്. ക്യാമ്പസുകളിൽ അക്രമം രൂക്ഷമായതിനാൽ വിദ്യാർഥികൾ പഠനം നിർത്തി പോകുന്ന സാഹചര്യമുണ്ട്. കേരളത്തിലെ കോൺഗ്രസ് അക്രമ ശൈലി സ്വീകരിച്ചിട്ടില്ല. കേരളത്തിൽ നടന്നിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറ്റവും കൂടുതൽ പ്രതികളായിട്ടുള്ളത് സിപിഎം പ്രവർത്തകരാണ്. തീവ്രവാദ സംഘടനകളേക്കാളും മികച്ച രീതിയിലാണ് സിപിഎം പ്രവർത്തിക്കുന്നത്. വിവിധ കൊലപാതക കേസുകളിൽ പ്രതികളായ സിപിഎം പ്രവർത്തകരെ അവർ തന്നെയാണ് സംരക്ഷിക്കുന്നത്. വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

അക്രമത്തിന് കെ സുധാകരൻ ആഹ്വാനം ചെയ്തെന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിൻ ദേവ് മാധ്യമങ്ങളോട് പറഞ്ഞത്. അതേ സമയം ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീമും സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മുന്നോട്ട് വന്നു. കേരളം പിടിക്കാൻ ഗുണ്ടകളെ ഉപയോഗിച്ച് കെ സുധാകരൻ അക്രമം അഴിച്ചു വിടുകയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സുധാകരന്റെ കണ്ണൂർ ശൈലി സമാധാനം തകർക്കുന്നതാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും പറഞ്ഞു. കോൺഗ്രസിനെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമാണ് സിപിഎമ്മും അനുകൂല സംഘടനകളും നടത്തുന്നത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News