'ദീപുവിന്റെ മരണത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത് ശരിയല്ല'; കിഴക്കമ്പലം സിപിഎം ലോക്കൽ സെക്രട്ടറി

വാർഡ് മെമ്പർ പറഞ്ഞത് മാത്രം കേട്ടാണ് പൊലീസ് കേസെടുത്തതെന്നും സിപിഎം ലോക്കൽ സെക്രട്ടറി

Update: 2022-02-19 07:05 GMT
Editor : afsal137 | By : Web Desk
Advertising

ട്വന്റി-ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തുന്നത് ശരിയല്ലെന്ന് കിഴക്കമ്പലം സിപിഎം ലോക്കൽ സെക്രട്ടറി വി.ജെ വർഗീസ്. ദീപുവിനെ ആക്രമിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്നും എം.എൽ.എ പി.വി ശ്രീനിജനെതിരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാർഡ് മെമ്പർ പറഞ്ഞത് മാത്രം കേട്ടാണ് പൊലീസ് കേസെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. മർദനമേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണം.

ദീപുവുമായി പാർട്ടി പ്രവർത്തകർ സംഘർഷത്തിൽ ഏർപെട്ടിട്ടില്ലെന്നാണ് സിപിഎം പ്രാദേശിക കമ്മിറ്റിയുടെ വാദം. വാർഡ് മെമ്പർ സംഭവ സ്ഥലത്തുണ്ടായിട്ടും ദീപുവിനെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് കിഴക്കമ്പലം സിപിഎം ലോക്കൽ സെക്രട്ടറി വി.ജെ വർഗീസ് പ്രതികരിച്ചു. കഴിഞ്ഞ 12 നാണ് വിളക്കണയ്ക്കൽ സമരത്തിനിടെ ദീപുവിന് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റത്. സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് രക്തം ഛർദ്ദിച്ചതിനെത്തുടർന്ന് കിഴക്കമ്പലത്തിന് അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ദീപുവിനെ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവമുണ്ടെന്നും കൂടുതൽ ചികിത്സ വേണമെന്നും വ്യക്തമായതിനെത്തുടർന്ന് ദീപുവിനെ രാജഗിരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാൽ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ദീപുവിനെ പിന്നീട് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഇന്നലെ രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ദീപുവിൻറെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച കിഴക്കമ്പലത്ത് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെതിരെ നടന്ന വിളക്കണയ്ക്കൽ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവർത്തകർ ട്വൻറി 20 പ്രവർത്തകനായ ദീപുവിനെ മർദ്ദിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴേകാലോടെയാണ് കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ താമസക്കാരനായ ദീപുവിന് മർദ്ദനമേറ്റത്. അന്നേ ദിവസം രാത്രി ഏഴ് മണി മുതൽ പതിനഞ്ച് മിനിറ്റായിരുന്നു ട്വൻറി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും വിളക്കണയ്ക്കൽ സമരം നടന്നത്. ആളുകളിൽ നിന്ന് പിരിവെടുത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ട്വൻറി 20-യുടെ പദ്ധതിക്കെതിരെ പി വി ശ്രീനിജൻ എംഎൽഎ രംഗത്ത് വന്നതാണ് സമരത്തിന് കാരണം.

ട്വൻറി 20-യുടെ സജീവ പ്രവർത്തകനായ ദീപുവും പ്രതിഷേധം ഏകോപിപ്പിക്കാൻ മുന്നിൽ ഉണ്ടായിരുന്നു. ലൈറ്റണയ്ക്കൽ സമരം നടക്കുന്നതിനിടെ വീട്ടിലെത്തിയ നാല് സിപിഎം പ്രവർത്തകർ ദീപുവിനെ മർദിക്കുകയായിരുന്നു. അന്ന് ദീപു ചികിത്സ തേടിയിരുന്നില്ല. തിങ്കളാഴ്ച പുലർച്ചെ രക്തം ഛർദിച്ചതോടെയാണ് ദീപുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിഴക്കമ്പലം സ്വദേശികളും സിപിഎം പ്രവർത്തകരുമായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്‌മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം, ഹരിജന പീഡനം എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരിപ്പോൾ മൂവാറ്റുപുഴ സബ് ജയിലിലാണ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News