സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് യെല്ലോ മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറഞ്ഞു.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തമിഴ്‌നാടിനും സമീപ പ്രദേശത്തായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ ആന്ധ്രാ തീരത്തിനും വടക്കൻ തമിഴ്നാടിനും സമീപത്തായി ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരത്തു നിന്നും മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.