പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടില്‍; ചാണ്ടി ഉമ്മനും എൻ.ഡി.എ സ്ഥാനാർഥിയും ഇന്ന് പത്രിക സമര്‍പ്പിക്കും
ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ആകും ഇരുവരും പത്രിക സമർപ്പിക്കുക
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രചരണം ചൂടുപിടിക്കുന്നു. യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാലും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ആകും ഇരുവരും പത്രിക സമർപ്പിക്കുക. പാമ്പാടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽനിന്ന് പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിർന്ന നേതാക്കൾക്കൊപ്പം എത്തിയാകും ചാണ്ടി ഉമ്മൻ പത്രിക സമർപ്പിക്കുക.
പാമ്പാടിയിൽ നിന്നും പള്ളിക്കത്തോട് വരെ തുറന്ന ജീപ്പിലാകും എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാൽ എത്തുക. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർ അടക്കം വിവിധ പ്രധാന നേതാക്കൾ ലിജിൻ ലാലിനൊപ്പം ഉണ്ടാകും. എല്‍.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്‍റെ ഭവന സന്ദർശന പരിപാടികൾ ഇന്നും തുടരും. ചില സ്വകാര്യ ചടങ്ങുകളിലും സ്ഥാനാർഥി പങ്കെടുക്കും.
കഴിഞ്ഞ ദിവസമാണ് ജെയ്ക് പത്രിക സമര്‍പ്പിച്ചത്. എം.വി ഗോവിന്ദൻ , ഇ.പി ജയരാജൻ തുടങ്ങിയ നേതാക്കൾക്ക് ഒപ്പം പ്രകടനമായെത്തിയാണ് കോട്ടയം ആര്‍ഡിഒയ്ക്ക് മുന്നിൽ പത്രിക നൽകിയത്.മൂന്ന് സെറ്റ് പത്രികയാണ് ജെയ്ക് സമർപ്പിച്ചത്.റസൽ, സി.പി.ഐ ജില്ലാ സെക്രട്ടറി വി ബി ബിനു കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു എന്നിവർ സ്ഥാനാർഥിക്കൊപ്പമെത്തി. ജെയ്ക്കിനു കെട്ടിവെയ്ക്കാനുള്ള തുക ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി കൈമാറി.