എൻ.എൻ കൃഷ്ണദാസിന്റെ അധിക്ഷേപം: പ്രതിഷേധം അറിയിച്ച് മാധ്യമപ്രവർത്തകർ
മന്ത്രി എം.ബി രാജേഷ്, സ്ഥാനാർഥി പി. സരിൻ എന്നിവരുടെ വാർത്താസമ്മേളനത്തിലായിരുന്നു പ്രതിഷേധം
പാലക്കാട്: മുതിർന്ന സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസിൻ്റെ അധിക്ഷേപത്തിൽ പ്രതിഷേധം അറിയിച്ച് മാധ്യമപ്രവർത്തകർ. മന്ത്രി എം.ബി രാജേഷ്, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി. സരിൻ എന്നിവരുടെ വാർത്താസമ്മേളനത്തിലാണ് പ്രതിഷേധം അറിയിച്ചത്.
അധിക്ഷേപം സിപിഎം അംഗീകരിക്കുന്നില്ലെന്ന് എം.ബി രാജേഷ് പറഞ്ഞു. പത്രപ്രവർത്തക യൂനിയനെതിരായ പ്രസ്താവന പാർട്ടി നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം ദൗർഭാഗ്യകരമായിപ്പോയെന്നും പാർട്ടി നിലപാടല്ലെന്നും പി. സരിനും പറഞ്ഞു.
അതേസമയം, പാലക്കാട്ട് കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന് കാണിച്ചുകൊണ്ടുള്ള ഡിസിസിയുടെ കത്ത് പുറത്തുവന്നത് രാഹുൽ മാങ്കൂട്ടത്തിനെതിരായ കോൺഗ്രസിലെ എതിർപ്പിൻ്റെ ഭാഗമാണെന്ന് എം.ബി രാജേഷ് പറഞ്ഞു. ബിജെപി താൽപ്പര്യം സംരക്ഷിക്കാനാണ് കോൺഗ്രസ് മുരളിയെ ഒഴിവാക്കിയതെന്നും എം.ബി രാജേഷ് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥിത്വം ഐക്യകണ്ഠേനയല്ലെന്ന് തെളിഞ്ഞതായി പി. സരിനും പറഞ്ഞു.
1991ൽ പാലക്കാട് നഗരസരയിൽ സിപിഎം ബിജെപിയുടെ പിന്തുണ തേടി കത്ത് നൽകിയിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി. അത്തരമൊരു കത്തില്ല. വ്യാജ കത്ത് പുറത്തുവിട്ട ബിജെപി നേതാവ് സന്ദീപ് വാര്യർക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു.