കേരളം ഇന്ധന നികുതി കുറച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് സുധാകരന്‍
പ്രഖ്യാപിത സമരങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനമെന്ന് സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍ നികുതി കുറക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍. 'ഇന്ധനവില കുറയ്ക്കാതിരുന്നാൽ സ്ഥിതി വഷളാവും പ്രക്ഷോഭത്തിന്‍റെ വാൾമുന സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടും'. അദ്ദേഹം പറഞ്ഞു. പ്രഖ്യാപിത സമരങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനമെന്ന് സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ കേരളം ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വർഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വർധിപ്പിച്ചത്. കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ രീതിയാണെന്നും മന്ത്രി പറഞ്ഞു.
ആനുപാതികമായ കുറവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. സാമൂഹിക ക്ഷേമ വകുപ്പുകള്‍ നടപ്പിലാവണമെങ്കില്‍ ഖജനാവില്‍ പണം വേണം. ഇത് പോലുള്ള നികുതികള്‍ കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ ഖജനാവില്‍ പണമുണ്ടാവില്ലെന്നും ധനമന്ത്രി പറഞ്ഞു.