'വിദേശത്തു പോകുമ്പോഴും വരുമ്പോഴും കൂടെ സ്വപ്‌ന സുരേഷ്, എന്നിട്ടും പറയുന്നു എനിക്കറിയില്ലെന്ന്'; പിണറായിയെ പരിസഹസിച്ച് സുധാകരൻ

"അപാരമായ തൊലിക്കട്ടിയില്ല എങ്കിൽ ഏതെങ്കിലും ഒരാൾക്ക് ഇതുപോലെ ഒരു കള്ളവാർത്ത പ്രചരിപ്പിക്കുമോ?"

Update: 2021-06-19 06:44 GMT
Editor : abs | By : Web Desk
Advertising

തനിക്ക് വിദേശകറൻസി ഇടപാട് ഇല്ലെന്നും അത് നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഉദ്ധരിച്ചാണ് സുധാകരന്റെ പ്രതികരണം.

'എനിക്ക് വിദേശകറൻസി ഇടപാട് ഉണ്ടെന്നാണ് പരാതി. ആരാ പറയുന്നത്, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചു വർഷം ഈ കേരളത്തിന്റെ സാമ്പത്തിക ഇടപാടിൽ ഉടനീളം അഴിമതിയും സ്വജനപക്ഷപാതവും വച്ചു പുലർത്തി പ്രവർത്തിച്ച ഒരു മന്ത്രി. വിദേശകറൻസി ഇടപാട് ഞാനല്ല നടത്തിയത്. അത് നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിങ്ങൾക്കെല്ലാം അറിയില്ലേ, ഡോളർ കടത്ത് നിങ്ങൾക്കറിയില്ലേ?'- അദ്ദേഹം പറഞ്ഞു.

'ഞാൻ സ്മഗ്‌ളർ ആണെന്നാണ് പറയുന്നത്. സ്മഗ്‌ളിങ് നടത്തിയത് ആരാന്ന് നിങ്ങൾക്കറിയില്ലേ, ജനങ്ങൾക്കറിയില്ലേ? ഭരണത്തിന്റെ സർവസന്നാഹങ്ങളോടും കൂടി ഇവിടെ സ്മഗ്‌ളിങ് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിയുടെ വലംകൈയായി നടന്ന സ്വപ്‌ന സുരേഷാണ്. പത്താം ക്ലാസ് പാസാകാത്ത ഒരു വനിതയെ ഉന്നതശ്രേണിയിലിരുത്തി മൂന്നു ലക്ഷം രൂപ ശമ്പളം നൽകി നാലു വർഷം കൂടെ കൊണ്ടു നടന്നിട്ട്, ആരാണീ സ്വപ്‌ന സുരേഷ് എന്നു ചോദിച്ചപ്പോൾ എനിക്കറിയില്ലെന്ന് സംസ്ഥാനത്തെ ജനങ്ങളോട് പറഞ്ഞ ഒരു മുഖ്യമന്ത്രി. ആർക്കെങ്കിലും പറയാൻ തോന്നുമോ?. ഐടിയുടെ സകല കോൺഫറൻസിലും സ്വാഗതം പറയുന്നത് സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സർവ ഫങ്ഷനിലും സർവ സാന്നിധ്യം സ്വപ്‌ന സുരേഷ്. വിദേശത്തു പോകുമ്പോൾ കൂടെ സ്വപ്‌ന സുരേഷ്. തിരിച്ചുവരുമ്പോൾ കൂടെ സ്വപ്‌ന സുരേഷ്. താമസിക്കുന്ന ഹോട്ടലിൽ സ്വപ്‌ന സുരേഷ് താമസിക്കുന്നു. നാലു വർഷം കൂട്ടിക്കൊണ്ടു നടന്നിട്ട് ആരാണ് സ്വപ്‌ന സുരേഷ് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഏതു സ്വപ്‌ന, ഏതു സുരേഷ്, എനിക്കറിയില്ല എന്നു പറഞ്ഞ പിണറായി വിജയനെ ഈ കേരളത്തിലെ കൊച്ചുകുട്ടികൾ വിശ്വസിക്കുമോ?'- അദ്ദേഹം ചോദിച്ചു.

'അപാരമായ തൊലിക്കട്ടിയില്ല എങ്കിൽ ഏതെങ്കിലും ഒരാൾക്ക് ഇതുപോലെ ഒരു കള്ളവാർത്ത പ്രചരിപ്പിക്കുമോ? മണൽമാഫിയയുമായി ബന്ധമുള്ളവരാണ് ഞാനെങ്കിൽ എനിക്കെതിരെ അന്വേഷിക്കണം. സാമ്പത്തിക കുറ്റവാളിത്തമോ മാഫിയ ബന്ധമുണ്ടോ എങ്കിൽ അന്വേഷിക്കണം. മാഫിയാ ബന്ധം നിങ്ങൾക്കാണെന്നാണ് ജസ്റ്റിസ് സുകുമാരൻ അടക്കം പറഞ്ഞത്'- അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News