'കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ഗൂഢാലോചന നടത്തിയെന്ന് ആര് പറഞ്ഞു?' മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ സുധാകരന്‍

'ബ്രണ്ണന്‍ കോളജില്‍ വെച്ച് മുഖ്യമന്ത്രിയെ ചവിട്ടി താഴെയിട്ടെന്ന് അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല'

Update: 2021-06-19 08:51 GMT
Advertising

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് അതുപോലെ മറുപടി പറയാന്‍ തനിക്ക് കഴിയില്ല. പിആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് പുറത്തുവന്ന യഥാര്‍ഥ വിജയനാണ് ഇന്നലെ പുറത്തുവന്നത്. ഒരു പൊളിറ്റിക്കല്‍ ക്രിമിനലിന്‍റെ ഭാഷയും ശൈലിയുമാണ് പുറത്തുവന്നതെന്നും സുധാകരന്‍ പറഞ്ഞു.

ബ്രണ്ണന്‍ കോളജില്‍ വെച്ച് മുഖ്യമന്ത്രിയെ ചവിട്ടി താഴെയിട്ടെന്ന് അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല. ഓഫ് ദ റെക്കോഡ് എന്ന് അടിവരയിട്ട് പറഞ്ഞ കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രിയുടെ സ്ഥാനത്തെ ബഹുമാനിക്കുന്നു. സംസ്കാര ഹീനമായ പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയതെന്നും കെ സുധാകരന്‍ പറഞ്ഞു.

"അഭിമുഖത്തില്‍ വന്ന എല്ലാ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞതല്ല. അദ്ദേഹത്തെ ചവിട്ടിയെന്ന് ഞാന്‍ അഭിമുഖത്തിനിടെ പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കില്ലെന്ന് ലേഖകന്‍ പറഞ്ഞതു കൊണ്ടാണ് സ്വകാര്യമായി കുറച്ച് കാര്യങ്ങള്‍ പറഞ്ഞത്‌. സംഭവത്തിന്റെ വിശദീകരണം പേഴ്‌സണലായി നല്‍കിയിട്ടുണ്ട്. ചതിയുടെ ശൈലിയില്‍ ഇക്കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ കുറ്റം എനിക്കല്ല. അത് മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണ്. പിണറായി വിജയനെ ചവിട്ടി താന്‍ വലിയ അഭ്യാസിയാണെന്ന് കേരളത്തെ അറിയിക്കാനുള്ള താത്പര്യം എനിക്കില്ല"- സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ഗൂഢാലോചന നടത്തിയെന്ന് ആര് പറഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തനിക്ക് ഫിനാൻഷ്യർ ഉണ്ടായിട്ടില്ല. എന്തുകൊണ്ട് പരാതിപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ ചോദിച്ചു. അവ്യക്തമായ സൂചനകൾ വെച്ച് ആരോപണം ഉന്നയിക്കുന്നത് മുഖ്യമന്ത്രിക്ക് ചേരുന്നതല്ല. 

തനിക്ക് വിദേശ കറൻസി ഇടപാട് ഉണ്ടെന്ന് പറയുന്നത് മുഖ്യമന്ത്രി ആണ്. അത് നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്. സ്വപ്നയെ അറിയില്ലയെന്ന് പറഞ്ഞ പിണറായി വിജയനെ കൊച്ചുകുട്ടികൾ പോലും വിശ്വസിക്കില്ല. വിദേശ കറൻസി ഇടപാടുണ്ടെന്നത് കള്ള പ്രചാരണം മാത്രമാണ്. മണൽ മാഫിയയുമായി ബന്ധം ഉണ്ടെങ്കിൽ അന്വേഷിക്കണം. മണൽ മാഫിയയുമായി എനിക്ക് ബന്ധമുണ്ടെങ്കിൽ അന്വേഷിക്കും. ഇത്തരം പ്രചാരണം നടത്താൻ അപാരമായ തൊലിക്കട്ടി വേണമെന്നും സുധാകരന്‍ പറഞ്ഞു.

തോക്കുമായി നടക്കുന്ന, വെടിയുണ്ട പേറി നടക്കുന്ന പിണറായി വിജയനാണോ മാഫിയ അതോ ഇതുവരെ ഒരു തോക്കും ഉപയോഗിക്കാത്ത താനാണോ മാഫിയ എന്നും കെ സുധാകരന്‍ ചോദിച്ചു. വെടിയുണ്ട കണ്ടെടുത്ത കേസിൽ കോടതിയിൽ നിന്ന് പിണറായിക്ക് തിരിച്ചടി കിട്ടിയതാണ്. ജനം വിലയിരുത്തട്ടെ, ഈ നാട് വിലയിരുത്തട്ടെ. നട്ടെല്ലുണ്ടെങ്കിൽ തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. 

മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്..

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന വെറും സ്വപ്‌നം മാത്രമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്. ആര്‍ക്കും സ്വപ്‌നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവന.

പൂര്‍ണമായും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സുധാകരന്‍ പറഞ്ഞത്. കെ.എസ്.എഫ്-കെ.എസ്.യു സംഘര്‍ഷത്തിനിടെ കോളേജിലെത്തിയ താന്‍ അവിടെ സംഘര്‍ഷം ഒഴിവാക്കുകയാണ് ചെയ്തത്. അന്ന് താന്‍ ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിയായിരുന്നില്ല. അതുകൊണ്ട് മാത്രമാണ് സംഘര്‍ഷം അവിടെ നിന്നതെന്ന് സുധാകരന്‍ ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു.

സുധാകരനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെ ഉന്നയിച്ച ആരോപണങ്ങള്‍ നിരവധിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ രാമകൃഷ്ണന്‍ സുധാകരന്റെ യഥാര്‍ത്ഥ സ്വഭാവം കേരളത്തിന് മുന്നില്‍ തുറന്നു പറഞ്ഞതാണെന്ന് പറഞ്ഞ മുഖ്യന്ത്രി രാമകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞു. തന്റെ മക്കളെ തട്ടിക്കൊണ്ടുപോവാന്‍ സുധാകരന്‍ പദ്ധതിയിട്ടിരുന്നതായി ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുധാകരന്റെ സുഹൃത്താണ് തന്നോട് ഇത് പറഞ്ഞതെന്നും പിണറായി പറഞ്ഞു. 'സുധാകരന്റെ സുഹൃത്ത് എന്നെ കാണാന്‍ വന്നു. എന്നോട് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. സുധാകരനും താനും സുഹൃത്തുക്കള്‍ തന്നെയാണ് പക്ഷെ വലിയ പ്ലാനുമായാണ് അയാള്‍ നടക്കുന്നത്. സുധാകരന്‍ നിങ്ങളുടെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിടുന്നുണ്ട്.' കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന കാലത്താണ് സംഭവം, താനിതാരോടും പറഞ്ഞിരുന്നില്ല. വിചാരിക്കുന്നതുപോലെ വിജയനെ വീഴ്ത്താനാകില്ലെന്ന് സുധാകരനറിയാമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Full View


Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News