കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലയില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്
2022ലാണ് സ്വത്തുതർക്കത്തെ തുടർന്ന് ജോര്‍ജ് കുര്യന്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്നത്
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ. പ്രതി കാഞ്ഞിരപ്പള്ളി കരിമ്പാനയിൽ ജോർജ് കുര്യന് കോടതി ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു. 20 ലക്ഷം രൂപ പിഴയും ഒടുക്കണം. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണു ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിൽ എട്ടു വർഷവും മൂന്നു മാസവും തടവുശിക്ഷ ആദ്യം അനുഭവിക്കണം. തടവുശിക്ഷ വെവ്വേറെ അനുഭവിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴത്തുക കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു നല്‍കണം.
2022 മാർച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ മാത്യു സ്‌കറിയ എന്നിവരെയാണ് ഇയാൾ വെടിവച്ചുകൊന്നത്. സ്വത്തുതർക്കത്തെ തുടർന്നായിരുന്നു അരും കൊല.
കഴിഞ്ഞ ഏപ്രിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. വേഗത്തിൽ വിചാരണാ നടപടികൾ പൂർത്തിയാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്വത്തുതർക്കത്തെ തുടർന്നായിരുന്നു അരും കൊല. കേസിൽ 76 സാക്ഷിമൊഴികൾ 278 പ്രമാണങ്ങൾ, 75 സാഹചര്യ തെളിവുകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമെന്ന് പ്രൊസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു. ബാലിസ്റ്റിക് പരിശോധന റിപ്പോർട്ടും ഡിഎൻഎ റിപ്പോർട്ടും അടക്കം അന്വേഷണത്തിൽ നിർണായകമായി.
Summary: Kanjirapally double murder accused George Kurian sentenced to double life sentence