മാധ്യമ അധിക്ഷേപവും പെട്ടി വിവാദത്തിലെ പരാമർശവും തിരിച്ചടിച്ചു; എൻ.എൻ കൃഷ്ണദാസിനെതിരെ ജില്ലാ നേതൃത്വം
വാർത്തക്ക് പ്രതികരണം ചോദിച്ചെത്തിയ മാധ്യമപ്രവർത്തകർ ഇറച്ചി കടക്ക് മുൻപിൽ നിൽക്കുന്ന പട്ടികളെപ്പോലെയാണെന്നായിരുന്നു എൻഎൻ കൃഷ്ണദാസ് പറഞ്ഞത്
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ എൻഎൻ കൃഷ്ണദാസിന് രൂക്ഷ വിമർശനം. മാധ്യമങ്ങൾക്ക് നേരെ നടത്തിയ അധിക്ഷേപം, പെട്ടി വിവാദം അനാവശ്യമെന്ന പരാമർശം തുടങ്ങിയവയിലാണ് കൃഷാൻദാസിന് വിമർശനം. പരാമർശങ്ങൾ ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. പാലക്കാട് പി സരിനെ സ്ഥാനാർത്ഥിയാക്കിയത് ശരിയായ തീരുമാനമെന്നും യോഗത്തിൽ പാർട്ടി വിലയിരുത്തി.
വാർത്തക്ക് പ്രതികരണം ചോദിച്ചെത്തിയ മാധ്യമപ്രവർത്തകർ ഇറച്ചി കടക്ക് മുൻപിൽ നിൽക്കുന്ന പട്ടികളെപ്പോലെയാണെന്നായിരുന്നു എൻഎൻ കൃഷ്ണദാസ് പറഞ്ഞത്. പിന്നാലെ തന്നെ വലിയ പ്രതിഷേധം കൃഷ്ണദാസിന് നേരെ ഉയർന്നിരുന്നു. ഇതേ വിഷയത്തിലാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ നിന്നും വിമർശനം ഉണ്ടായത്.
സിപിഎം ഉയർത്തിക്കൊണ്ടുവന്ന പെട്ടി വിവാദം അനാവശ്യമാണെന്ന് പറഞ്ഞതും പാർട്ടി ചൂണ്ടിക്കാട്ടി. പെട്ടി വിവാദത്തിൽ വലിയ ചർച്ചകൾ നടക്കുമ്പോഴായിരുന്നു കൃഷ്ണദാസിന്റെ പരാമർശം. ഇതും ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ വിലയിരുത്തി. രണ്ടുദിവസം കഴിഞ്ഞാൽ പാലക്കാട് ഏരിയ സമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കൃഷ്ണദാസിനെതിരെയുള്ള പാർട്ടി വിമർശനം.