മുഖ്യമന്ത്രി ഖലീഫമാരെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്നു; കാന്തപുരം വിഭാ​ഗം നേതാവ്

'മുഖ്യമന്ത്രിയെ പോലൊരാൾ പൊതുവിടത്തിൽ സംസാരിക്കുമ്പോൾ സൂക്ഷ്മത പുലർത്തേണ്ടിയിരിക്കുന്നു'.

Update: 2024-10-27 15:21 GMT
Advertising

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വിവാദമായ ഖലീഫ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി സുന്നി കാന്തപുരം വിഭാ​ഗം നേതാവ്. ഖലീഫമാരുടെ ഭരണകാലത്തെ കുറിച്ച് അനാവശ്യ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് മുഹമ്മദലി കിനാലൂർ കുറ്റപ്പെടുത്തി.

പ്രവാചകർക്ക് ശേഷം ഇസ്‌ലാമിക ഭരണം നിർവഹിച്ച നാലു പേരാണ് ഖലീഫമാർ. നീതിയധിഷ്ഠിതമായിരുന്നു ഖലീഫമാരുടെ നിലപാടുകളെന്നും ഇസ്‌ലാമിക ശരീഅത്ത് ആയിരുന്നു അതിന്റെ അടിത്തറയെന്നും അവരുടെ ഭരണത്തിൽ അന്നാട്ടിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമുണ്ടായിരുന്നു എന്നും മുഹമ്മദലി കിനാലൂർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

'മരുഭൂമിയിൽ ഒരു ഒട്ടകം പട്ടിണി കിടന്നു ജീവൻ പോയാൽ അതിന്റെ പേരിൽ അല്ലാഹുവിന്റെ മുമ്പിൽ ഉത്തരം പറയേണ്ടിവരുമല്ലോ എന്ന് ചിന്തിച്ച് ഉറക്കം നഷ്ടപ്പെട്ടവരായിരുന്നു അവർ. പ്രജാക്ഷേമ തൽപരരായിരുന്നു നാലുപേരും. സത്യമായിരുന്നു അവരുടെ പ്രമാണം. അധികാരത്തെ അവർ ആസ്വദിക്കുകയായിരുന്നില്ല, പരീക്ഷണമായി കണ്ട് ഉത്തരവാദിത്വം നിർവഹിക്കുകയായിരുന്നു. മതജീവിതത്തിന്റെ ഭാഗം തന്നെ ആയിരുന്നു അവർക്ക് പൊതുജീവിതം. സംശുദ്ധമായിരുന്നു അവരുടെ ജീവിതം. നീതിക്ക് നിരക്കാത്ത ഒന്നും അവരിൽ നിന്നുണ്ടായില്ല'.

മുഖ്യമന്ത്രി മുസ്‌ലിം ചരിത്രത്തെ ഇകഴ്ത്താൻ മനഃപൂർവം പറഞ്ഞതാണ് എന്ന് അഭിപ്രായമില്ല. അദ്ദേഹത്തിന്റെ ബോധ്യത്തിന്റെ പ്രശ്‌നം ആണ്. പക്ഷേ അദ്ദേഹത്തെപ്പോലൊരാൾ ഒരു പൊതുവിടത്തിൽ സംസാരിക്കുമ്പോൾ സൂക്ഷ്മത പുലർത്തേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ചരിത്രമൊക്കെ പറയുമ്പോൾ. ഖലീഫമാരുടെ ഭരണകാലം എന്തോ മോശം കാലമായിരുന്നു എന്ന് ആളുകൾ മനസിലാക്കാനിടയുണ്ടെന്നും മുഹമ്മദലി കിനാലൂർ ചൂണ്ടിക്കാട്ടി.

ശനിയാഴ്ച സിപിഎം നേതാവ് പി. ജയരാജന്റെ പുസ്‌തക പ്രകാശന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. ’ജമാഅത്തെ ഇസ്‌ലാമി പഴയതിൻ്റെ പുനരുജ്ജീവനത്തിനാണ് ശ്രമിക്കുന്നത്. ഖലീഫമാരുടെ കാലത്തേക്ക് സമുദായത്തെ തിരിച്ചുകൊണ്ടുപോകാനാണ് അവരുടെ ശ്രമം’- എന്നായിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചത്. ഇതാണ് വിവാദമായത്. പരാമർശത്തിനെതിരെ വിവിധ മുസ്‌ലിം സംഘടനകളും മുസ്‌ലിം ലീ​ഗ്, കോൺ​ഗ്രസ് നേതാക്കളും വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പി ജയരാജന്റെ പുസ്‌തക പ്രകാശന ചടങ്ങിൽ ബഹുമാന്യനായ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ അങ്ങേയറ്റം തെറ്റിദ്ധാരണാജനകമായ ഒരു പരാമർശം ശ്രദ്ധിക്കാനിടയായി. അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയെ ഉന്നം വെച്ചാണ് അത് പറഞ്ഞതെങ്കിലും അതിൽ വസ്തുതാ പരമായ പിശകുണ്ട്. അദ്ദേഹത്തിന്റെ ബോധ്യത്തിന്റെയോ അദ്ദേഹത്തിന് പ്രസംഗം എഴുതിക്കൊടുക്കുന്ന ആളുടെ ബോധ്യത്തിന്റെയോ പ്രശ്‌നമാണ്. 'ജമാഅത്തെ (ഇസ്ലാമി) ആവട്ടെ, പഴയ കാലത്തേക്ക്, അതായതു ഖലീഫാമാരുടെ കാലത്തേക്കു സമുദായത്തെ തിരിച്ചു കൊണ്ടുപോവണമെന്ന നിർബന്ധമുള്ള പ്രസ്ഥാനമാണ്'. ഇതാണ് മുഖ്യമന്ത്രിയുടെ പരാമർശം.

ഇതിലെ പ്രധാന പ്രശ്‌നം ഖലീഫമാരുടെ ഭരണകാലത്തെ കുറിച്ച് അനാവശ്യമായ തെറ്റിദ്ധാരണ ഉദ്പാദിപ്പിക്കുന്നു എന്നതാണ്. പ്രവാചകർക്ക് ശേഷം ഇസ്‌ലാമിക ഭരണം നിർവഹിച്ച നാലുപേരെയാണ് പൊതുവിൽ ഖലീഫമാർ എന്ന് പറയാറുള്ളത്. അബൂബക്കർ, ഉമർ, ഉസ്മാൻ, അലി (റ.അൻഹും) എന്നിവരാണ് ആ നാലുപേർ. പ്രവാചകരുടെ അതേവഴിയിൽ ഭരണം നടത്തിയവർ.

നീതിയധിഷ്ഠിതമായിരുന്നു ഖലീഫമാരുടെ നിലപാടുകൾ. ഇസ്‌ലാമിക ശരീഅത്ത് ആയിരുന്നു അതിന്റെ അടിത്തറ. അന്നാട്ടിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമുണ്ടായിരുന്നു അവരുടെ ഭരണത്തിൽ. മരുഭൂമിയിൽ ഒരു ഒട്ടകം പട്ടിണി കിടന്നു ജീവൻ പോയാൽ അതിന്റെ പേരിൽ അല്ലാഹുവിന്റെ മുമ്പിൽ ഉത്തരം പറയേണ്ടിവരുമല്ലോ എന്ന് ചിന്തിച്ച് ഉറക്കം നഷ്ടപ്പെട്ടവരായിരുന്നു അവർ. പ്രജാ ക്ഷേമ തല്പരരായിരുന്നു നാലുപേരും. സത്യമായിരുന്നു അവരുടെ പ്രമാണം. അധികാരത്തെ അവർ ആസ്വദിക്കുകയായിരുന്നില്ല, പരീക്ഷണമായി കണ്ട് ഉത്തരവാദിത്വം നിർവഹിക്കുകയായിരുന്നു. മതജീവിതത്തിന്റെ ഭാഗം തന്നെ ആയിരുന്നു അവർക്ക് പൊതുജീവിതം. സംശുദ്ധമായിരുന്നു അവരുടെ ജീവിതം. നീതിക്ക് നിരക്കാത്ത ഒന്നും അവരിൽ നിന്നുണ്ടായില്ല.

ബഹു. മുഖ്യമന്ത്രി മുസ്‌ലിം ചരിത്രത്തെ ഇകഴ്ത്താൻ മനപ്പൂർവം പറഞ്ഞതാണ് എന്നെനിക്ക് അഭിപ്രായമില്ല. അദ്ദേഹത്തിന്റെ ബോധ്യത്തിന്റെ പ്രശ്‌നം ആണ്. പക്ഷേ അദ്ദേഹത്തെപ്പോലൊരാൾ ഒരു പൊതുവിടത്തിൽ സംസാരിക്കുമ്പോൾ സൂക്ഷ്മത പുലർത്തേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ചരിത്രമൊക്കെ പറയുമ്പോൾ. ഖലീഫമാരുടെ ഭരണകാലം എന്തോ മോശം കാലമായിരുന്നു എന്ന് ആളുകൾ മനസിലാക്കാനിടയുണ്ട്. അതുകൊണ്ടാണ് ഈ കുറിപ്പ്. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രസങ്കൽപ്പം ഖലീഫമാരുടെ രാഷ്ട്ര സങ്കൽപ്പമല്ല, സയ്യിദ് മൗദൂദിയുടെ രാഷ്ട്ര സങ്കൽപ്പമാണ്. ആ രാഷ്ട്ര സങ്കൽപ്പം ഇസ്‌ലാമിക രാഷ്ട്ര സങ്കൽപ്പത്തിൽ നിന്നും വളരെ വിദൂരമാണ്.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News