നടിയെ ആക്രമിച്ച കേസ്: ചോദ്യംചെയ്യലിനായി കാവ്യാ മാധവന് പുതിയ നോട്ടീസ് നൽകും
കാവ്യയുടെ ബന്ധുക്കളെ ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് തീരുമാനമുണ്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന് പുതിയ നോട്ടീസ് നൽകി ചോദ്യംചെയ്യലിന് വിളിപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം. കാവ്യയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും. വധഗൂഢാലോചനാ കേസിലെ പ്രതി ഹാക്കർ സായ് ശങ്കറിനോട് നാളെ വീണ്ടും ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിക്കുന്നിടത്ത് കാവ്യാ മാധവൻ ചോദ്യംചെയ്യലിന് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. മുൻപ് രണ്ടു തവണ നോട്ടീസ് നൽകിയെങ്കിലും കാവ്യയെ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. ആദ്യതവണ സ്ഥലത്തില്ല എന്ന മറുപടിയും രണ്ടാംതവണ വീട്ടിൽ മാത്രമേ ചോദ്യംചെയ്യലിന് തയാറാകൂ എന്ന മറുപടിയുമായിരുന്നു കാവ്യ നൽകിയത്.
പ്രതി ഉള്ള സ്ഥലത്ത് വച്ച് സാക്ഷിയുടെ മൊഴി എടുക്കേണ്ടതില്ല എന്ന നിലപാടാകും ക്രൈംബ്രാഞ്ച് ഇനി സ്വീകരിക്കുക. ഇക്കാര്യം വ്യക്തമാക്കിയുള്ള നോട്ടീസ് ഉടൻ കൈമാറും. കാവ്യയുടെ മാതാപിതാക്കളുടെയും ഏറ്റവും അടുത്ത ബന്ധുക്കളുടെയും മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഇന്നലെ മൊഴി നൽകാനെത്തിയ ഹാക്കർ സായ് ശങ്കറിനോട് നാളെ വീണ്ടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിൽനിന്ന് നശിപ്പിച്ച രേഖകൾ വീണ്ടെടുക്കുന്നതിന് വേണ്ടിയാണിത്. ദിലീപ് ചികിത്സ തേടിയ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ആശുപത്രിയിലെ ഡോക്ടറെ മൊഴിമാറ്റി പറയാൻ നിർബന്ധിക്കുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു.
Summary: New notice for questioning Kavya Madhavan to be issued in actress assault case