സ്പീഡ് ഗവേണർ അഡ്ജസ്റ്റ് ചെയ്യുന്ന പ്രവണത വർധിക്കുന്നുണ്ട്; കർശനമായ പരിശോധന നടത്തും: ഗതാഗതമന്ത്രി

സ്കൂൾ സമയത്ത് ടിപ്പറുകൾ ഓടിക്കരുതെന്ന നിയമം ഇപ്പോഴും നിലവിലുണ്ടെന്നും മന്ത്രി പറ‍ഞ്ഞു.

Update: 2024-12-12 13:36 GMT
Advertising

തിരുവനന്തപുരം: സ്‌കൂൾ സമയത്ത് ടിപ്പർ ലോറികൾക്കുള്ള നിരോധനം ഇപ്പോഴും തുടരുന്നുണ്ടെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാർ. സ്പീഡ് ഗവേണർ ഊരിമാറ്റുകയോ അഡ്ജസ്റ്റ് ചെയ്യുകയോ ചെയ്യുന്ന പ്രവണത വർധിക്കുന്നുണ്ട്. അത് കർശനമായി പരിശോധിച്ചുവരികയാണ്. തൃശൂർ-പാലക്കാട്-എറണാകുളം റോഡ് നല്ല റോഡാണ്. അവിടെ അമിതവേഗതക്കായി സ്പീഡ് ഗവേണർ ഊരിയിടുന്നത് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Full View

പാലക്കാട് അപകടത്തിൽ കുട്ടികൾ മരിക്കാനിടയായ സാഹചര്യം പരിശോധിക്കും. ട്രാൻസ്‌പോർട്ട് കമ്മീഷണർ നാളെ അവിടെ സന്ദർശിക്കും. മദ്യപിച്ചാണ് പലരും വാഹനമോടിക്കുന്നത്. ഹെൽമറ്റില്ലാതെ മൂന്നുപേർ ബൈക്കിൽ പോകുന്ന നിരവധി സംഭവങ്ങളുണ്ട്. എല്ലാം കണ്ടെത്തി പിഴ ചുമത്താനാവില്ല. ആളുകൾ സ്വയം ബോധവാൻമാരാവണം. എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതിൽ ആളുകൾക്ക് സ്വയം നിയന്ത്രണം വേണമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് പനയംപാടത്ത് ഇന്ന് ലോറി സ്‌കൂൾ കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ചിരുന്നു. കുട്ടികൾ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോൾ രണ്ട് ലോറികൾ കൂട്ടിയിടിച്ച് ഒരു ലോറി കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളാണ് മരിച്ചത്. പനയംപാടം സ്ഥിരം അപകടമേഖലയാണെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. എന്നാൽ ഇങ്ങനെയൊരു പരാതി മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിട്ടില്ല എന്നായിരുന്നു ഗതാഗതമന്ത്രിയുടെ പ്രതികരണം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News