നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ഫോൺവിളി വിവാദത്തില്‍ സഭ പ്രക്ഷുബ്ധമായേക്കും

ആഗസ്ത് 18 വരെ 20 ദിവസമാണ് സഭ ചേരുക. കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും വനം കൊള്ള വിവാദവും സഭയെ പ്രക്ഷുബ്ധമാക്കും

Update: 2021-07-22 01:34 GMT
Editor : Jaisy Thomas | By : Web Desk
Advertising

മന്ത്രി എ.കെ ശശീന്ദ്രന്‍റെ രാജി ആവശ്യം ശക്തമാകുന്നതിനിടെ ഇന്ന് നിയമസഭാ സമ്മേളനത്തിന് തുടക്കമാകും. ആഗസ്ത് 18 വരെ 20 ദിവസമാണ് സഭ ചേരുക. കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും വനം കൊള്ള വിവാദവും സഭയെ പ്രക്ഷുബ്ധമാക്കും.

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനമാണ് ഇന്ന് തുടങ്ങുന്നത്. ആദ്യ സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത് വനം കൊള്ള വിവാദമായിരുന്നു. മുന്‍ സര്‍ക്കാരിന്‍റെ കാലത്തെ വിവാദമെങ്കിലും വനം മന്ത്രിയെന്ന നിലയില്‍ അതിനു മറുപടി പറയേണ്ടി വന്നത് എ.കെ.ശശീന്ദ്രൻ. ഇന്ന് രണ്ടാം സമ്മേളനം ആരംഭിക്കുമ്പോള്‍ ശശീന്ദ്രന്‍ കുറ്റാരോപിതനാണ്. ആരോപണം ശശീന്ദ്രന് എതിരെയാണെങ്കിലും മുഖ്യമന്ത്രിയും സര്‍ക്കാരും കൂടി മറുപടി പറയേണ്ടി വരും. സഭാസമ്മേളനം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ് പ്രതിപക്ഷത്തിന് വീണുകിട്ടിയ ശക്തമായി ആയുധമായി മാറിയിട്ടുണ്ട് മീഡിയവൺ പുറത്ത് വിട്ട ശശീന്ദ്രന്‍റെ ശബ്ദരേഖ. മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിക്കഴിഞ്ഞു.

സഭക്ക് പുറത്തും ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകുമെന്ന് ഉറപ്പ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപുമായി ബന്ധപ്പെട്ട വിവാദം സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ തലവേദനയുണ്ടാക്കും. മരം മുറി വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കേണ്ടി വരും. കോവിഡ് പ്രതിരോധത്തിലും മരണങ്ങളുടെ കണക്കെടുപ്പിലുമൊക്കൈ സര്‍ക്കാരിനെതിരെ അശാസ്ത്രീയതയും വീഴ്ചയും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. സഭയിലും അതു ചര്‍ച്ചയാകും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ഈ സമ്മേളനവും.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News