സ്‌കൂളുകളും കോളേജുകളും ജൂണ്‍ ഒന്നിന് തന്നെ തുറക്കും; പഠനം ഓണ്‍ലൈനില്‍

ഒന്നാം ക്ലാസില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം നടത്തും

Update: 2021-05-26 04:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

സംസ്ഥാനത്തെ സ്‌കൂളുകളിലേയും കോളേജുകളിലേയും അധ്യായനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്‌സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകള്‍ വീക്ഷിക്കാം.

ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവില്‍ ജൂണ്‍ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകള്‍ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. പ്ലസ് വണ്‍ ക്ലാസുകളും പരീക്ഷകളും പൂര്‍ത്തിയാകാത്തതാണ് തീരുമാനം വൈകാന്‍ കാരണം. ഒന്നാം ക്ലാസില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം നടത്തും. അധ്യയനവര്‍ഷാരംഭം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനം നടത്തും.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു വിളിച്ച സര്‍വകലാശാല വൈസ് ചാന്‍സര്‍മാരുടെ യോഗത്തിലാണ് കോളേജുകളിലും ജൂണ്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാന്‍ ധാരണയായത്. ജൂണ്‍ 15 മുതല്‍ അവസാനവര്‍ഷ ബിരുദ ബിരുദാനന്തര പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്യും. ജൂലായ് 31-നകം ഫലം പ്രസിദ്ധീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു. ഓഫ്‌ലൈന്‍ പരീക്ഷകള്‍ക്കാണ് കൂടുതല്‍ സര്‍വകലാശാലകളും താത്പര്യം പ്രകടിപ്പിച്ചത്. ഇതിനിടെ ഓണ്‍ലൈന്‍ പഠനം സംബന്ധിച്ച യുജിസി പുറത്തിറക്കിയ കരട് രൂപരേഖ ജൂണ്‍ മൂന്നിനകം വിസിമാരുടെ യോഗം ചര്‍ച്ച ചെയ്യും. നിര്‍ദേശങ്ങള്‍ യുജിസിയെ അറിയിക്കും.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News