എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം
നാലേകാൽ ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസുകാർക്ക് ഇനി പരീക്ഷക്കാലം. എസ്എസ്എൽസി പരീക്ഷകൾ ഇന്ന് മുതൽ തുടങ്ങും. മാർച്ച് 25നാണ് പരീക്ഷ അവസാനിക്കുക. നാലേകാൽ ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഏപ്രിൽ ആദ്യവാരം മൂല്യനിർണയം ആരംഭിച്ച് മെയ് പകുതിയോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നു.
ആകെ പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർഥികളാണ്. വിവിധ മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളുണ്ടായി. ഇതിൽ 2955 കേന്ദ്രങ്ങൾ കേരളത്തിലാണ്. ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും പരീക്ഷ കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഇതാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയുടെ മൊത്തത്തിലുള്ള ചിത്രം. പരീക്ഷ സുഗമമായി നടത്തുന്നതിന് വേണ്ടുന്ന എല്ലാ സജ്ജീകരണങ്ങളും കൃത്യമായി ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ 25ാം തീയതി അവസാനിക്കും.
ടിഎച്ച്എസ്എൽസി, എഎച്ച്എൽസി പരീക്ഷകളും ഇതിനൊപ്പം നടക്കും. ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ടു ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടക്കുക. ശേഷം മേയ് രണ്ടാംവാരത്തോടെ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.