കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റും: മന്ത്രി വീണാ ജോർജ്

അങ്കണവാടി പ്രവേശനോത്സവം മന്ത്രി ഉദ്ഘാടനം ചെയ്തു

Update: 2024-06-06 10:00 GMT
Advertising

തിരുവനന്തപുരം: കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന്് മന്ത്രി വീണാ ജോർജ്. വീട്, സ്‌കൂൾ, ഷോപ്പിങ് മാളുകൾ തുടങ്ങി പൊതു സ്ഥലങ്ങളിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഇതിലൂടെ കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് വനിത ശിശുവികസന വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാന ഉദ്ഘാടനവും അങ്കണ പൂമഴ പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വികാസത്തിന് ഉന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങൾ മികച്ചതാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 90 സ്മാർട്ട് അങ്കണവാടികൾ നിർമ്മിച്ചു. അങ്കണവാടികളെ ശിശു സൗഹൃദ- ശിശു പരിപോഷണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും അങ്കണവാടി കെട്ടിടത്തെയും പരിസരത്തെയും ഒന്നാകെ പരിവർത്തനപ്പെടുത്തി. ആകർഷകമായ നിറങ്ങളോട് കൂടിയ ഫർണിച്ചർ, ശിശു സൗഹൃദ ടോയിലറ്റ്, വെർട്ടിക്കൽ ഗാർഡൻ, പച്ചക്കറിത്തോട്ടം, ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള എന്നീ സൗകര്യങ്ങൾ സ്മാർട്ട് അങ്കണവാടികളുടെ പ്രത്യേകതയാണ്. ഇതുകൂടാതെ ചായം പദ്ധതി വഴി ഭിന്നശേഷി കുട്ടികൾക്കായി 142 അങ്കണവാടികളെ സവിശേഷ അങ്കണവാടികളാക്കി മാറ്റുന്നതിന് ഒരു അങ്കണവാടിയ്ക്ക് 2 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 33115 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, കൗൺസിലർമാരായ കസ്തൂരി എം.എസ്., മീന ദിനേശ്, ജെൻഡർ കൺസൾട്ടന്റ് ടി.കെ. ആനന്ദി, ബിന്ദു ഗോപിനാഥ് എന്നിവർ പങ്കെടുത്തു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News