ഖലീലുല്‍ ബുഖാരി തങ്ങള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പ്രളയം, കോവിഡ് പോലുള്ള പ്രതിസന്ധികളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് ആശ്വാസം പകരാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാറിനായെന്ന് ഖലീലുല്‍ ബുഖാരി തങ്ങള്‍

Update: 2021-09-01 12:14 GMT
Editor : ijas
Advertising

തിരുവനന്തപുരം: കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ-സാമൂഹിക മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത തങ്ങള്‍ 100 ദിനം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാറിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.

പ്രളയം, കോവിഡ് പോലുള്ള പ്രതിസന്ധികളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് ആശ്വാസം പകരാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാറിനായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഠനാവസരങ്ങള്‍ കുറവുള്ള മലബാറില്‍ കൂടുതല്‍ സീറ്റുകള്‍ ലഭ്യമാക്കുന്നതിനും സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതുതലമുറ കോഴ്‌സുകള്‍ അനുവദിക്കുന്നതിനും നടപടിയുണ്ടാകണമെന്ന് ഖലീലുല്‍ ബുഖാരി തങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പുതിയ സീറ്റുകളും കോഴ്‌സുകളും അനുവദിക്കുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളെയും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആവശ്യമായ അടിയന്തിര ഇടപെടല്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി തങ്ങളെ അറിയിച്ചു.


സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ ഏറെ പ്രാധാന്യമുള്ള മലബാര്‍ സമരത്തെ വര്‍ഗീയ വല്‍ക്കരിക്കാനും സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയെ തങ്ങള്‍ അഭിനന്ദിച്ചു. സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് മലബാര്‍ സമര പോരാളികളെ ഒഴിവാക്കിയതിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ചരിത്ര യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. മലബാര്‍ സമരത്തിന്‍റെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും പരത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ കേരള മുസ്‍‍ലിം ജമാഅത്ത് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഖലീല്‍ തങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സൈഫുദ്ദീന്‍ ഹാജി, മഅദിന്‍ റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് സിറാജ് തൃക്കരിപ്പൂര്‍ എന്നിവരും തങ്ങളുടെ കൂടെയുണ്ടായിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News