താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയിൽ
ഒക്ടോബർ 23 നാണ് താമരശേരി സ്വദേശി അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയത്
കോഴിക്കോട്: താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യപ്രതി അലി ഉബൈറാൻ പിടിയിൽ. ഈ കേസില്‍ നേരത്തെ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഒക്ടോബർ 23 നാണ് താമരശേരി സ്വദേശി അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയത്. സ്വർണ്ണക്കടത്തിലെ തർക്കത്തെ തുടർന്നാണ് അഷറഫിനെ തട്ടിക്കൊണ്ടു പോയത്. മൂന്ന് ദിവസത്തിന് ശേഷമാണ് അഷ്റഫിനെ വിട്ടയച്ചത്.
മുക്കത്തെ സൂപ്പർമാർക്കറ്റ് അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അഷ്റഫിനെ തട്ടിക്കൊണ്ടു പോയത്. താമരശ്ശേരി -മുക്കം റോഡിൽ വെഴുപ്പൂർ എൽ.പി. സ്‌കൂളിന് സമീപംവെച്ച് കാറുകളിലെത്തിയ സംഘം സ്‌കൂട്ടർ തടഞ്ഞ് അഷ്റഫിനെ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. സംഭവം കണ്ട ബൈക്ക് യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.
ബന്ധുക്കളുടെ പരാതി പ്രകാരം കേസെടുത്ത് താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ചേന്ദമംഗലൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സുമോ കാറും മലപ്പുറം മോങ്ങം സ്വദേശിയുടെ സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിരുന്നു.