'ഇന്നോവ... മാഷാ അള്ളാ!!'; മുഖ്യമന്ത്രിക്കെതിരായ പി.വി അൻവറിന്റെ വിമർശനത്തിൽ കെ.കെ രമ

സിപിഎം വിമർശനത്തെ തുടർന്ന് ടി.പിക്ക് നേരെയുണ്ടായ ആക്രമണത്തെ ഓർമിപ്പിച്ചാണ് രമയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Update: 2024-09-26 14:13 GMT
Advertising

കോഴിക്കോട്: മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരായ എൽഡിഎഫ് എംഎൽഎ പി.വി അൻവറിന്റെ രൂക്ഷവിമർശനത്തിനു പിന്നാലെ പ്രതികരണവുമായി ആർഎംപി നേതാവും എംഎൽഎയുമായ കെ.കെ രമ. ഭർത്താവായ ടി.പി ചന്ദ്രശേഖരന്റെ കൊലക്കേസിനെ ഓർമിപ്പിക്കുംവിധമാണ് രമയുടെ പ്രതികരണം. ഇന്നോവ... മാഷാ അള്ളാ- എന്നാണ് രമ ഫേസ്ബുക്കിൽ കുറിച്ചത്.

സിപിഎം വിട്ട് ആർഎംപി രൂപീകരിച്ച ടി.പിയെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ഇന്നോവയിൽ മാഷാ അല്ലാഹ് എന്നെഴുതി കേസ് വഴിതിരിച്ചുവിടാൻ പ്രതികൾ ശ്രമിച്ചിരുന്നു. സിപിഎം വിമർശനത്തെ തുടർന്ന് ടി.പിക്ക് നേരെയുണ്ടായ ആക്രമണത്തെ ഓർമിപ്പിച്ചാണ് രമയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രതിപക്ഷം പോലും ഉന്നയിക്കാത്ത തരത്തിലുള്ള വിമർശനങ്ങളാണ് ഇന്ന് ഇടതുപക്ഷ എംഎൽഎയായ പി.വി അൻവറിൽനിന്നും ഉണ്ടായത്. പാർട്ടി കൂടി തള്ളിപ്പറഞ്ഞതിനു പിന്നാലെ പരസ്യപ്രസ്താവന നിർത്തിയെന്ന് കഴിഞ്ഞദിവസം അൻവർ പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി തന്നെ ചതിച്ചെന്നും വഞ്ചിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ന് അൻവർ വീണ്ടും മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ശക്തമായ വിമർശനങ്ങളിലൂടെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച അൻവർ, അദ്ദേഹമെന്ന സൂര്യൻ കെട്ടുപോയെന്നും ജനങ്ങൾ വെറുക്കുന്ന ആളായി മാറിയെന്നും പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഒരുനിമിഷം പോലും ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള അർഹതയില്ലെന്നും അദ്ദേഹം അക്കാര്യത്തിൽ അമ്പേ പരാജയമാണെന്നും അൻവർ തുറന്നടിച്ചു. എഡിജിപി അജിത്കുമാറിനെ ഇപ്പോഴും സംരക്ഷിക്കുന്നത് അയാൾ മുഖ്യമന്ത്രിയുടെ മറ്റൊരു മരുമകനായതു കൊണ്ടായിരിക്കാം. അല്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ അയാളെ കെട്ടിപ്പിടിച്ച് നിൽക്കുന്നത് എന്നും അൻവർ ചോദിച്ചു. മരുമകന് നൽകുന്ന പഗിഗണന അജിത്കുമാറിനും നൽകുന്നു. എല്ലാത്തിലും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടെന്നും അൻവർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഓഫീസ് അഗ്നിപർവതത്തിൻ്റെ മുകളിലാണ്. താൻ അറിഞ്ഞ കാര്യങ്ങൾ മുഴുവൻ പറഞ്ഞാൽ സഖാക്കൾ എകെജി സെന്റർ പൊളിച്ച് ഓടേണ്ടിവരും. നല്ലവരായ നേതാക്കളുടെ കൈയിൽ പാർട്ടി വരും എന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗൂഢ സംഘം പ്രവർത്തിക്കുന്നത്. കാട്ടുകള്ളനെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കി. മുഖ്യമന്ത്രിയെ വികൃതമാക്കുന്നത് പി.ശശിയാണ്. മുഖ്യമന്ത്രി തന്നെ വഞ്ചിച്ചു എന്ന് ആവർത്തിച്ച അൻവർ, അതു‌കൊണ്ടാണ് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നും ചൂണ്ടിക്കാട്ടി.

തൻ്റെ ഭാഗത്തെ സത്യാവസ്ഥ താൻ തെളിയിക്കണമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ പറഞ്ഞു. 'താൻ സ്വയം പല നിലയ്ക്ക് കാര്യങ്ങൾ അന്വേഷിച്ചു. താൻ നടത്തിയ അന്വേഷണം മുഴുവൻ തനിക്കെതിരെ ആക്കാൻ ശ്രമം നടക്കുന്നു. ഇന്ന് പത്രസമ്മേളനം നടത്താൻ കഴിയും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. തന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിന് മുമ്പ് ജനങ്ങളോട് കാര്യങ്ങൾ പറയണമല്ലോ'യെന്നും അൻവർ കൂട്ടിച്ചേർത്തു. ജനങ്ങളോട് എല്ലാ കാര്യങ്ങളും സംസാരിക്കാൻ വേണ്ടി ഞായറാഴ്ച അൻവർ നിലമ്പൂരിൽ പൊതുസമ്മേളനം നടത്തും. വൈകീട്ട് നാലരയ്ക്ക് തുടങ്ങിയ വാർത്താസമ്മേളനം രണ്ട് മണിക്കൂറാണ് നീണ്ടുനിന്നത്.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News