ഇനിയും കോവിഡ് കേസുകളുടെ എണ്ണം കൂടിയാൽ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്‍റെ കപ്പാസിറ്റിയെ തകർക്കും-ആരോഗ്യമന്ത്രി
സംസ്ഥാനത്തെ 70 ശതമാനത്തോളം വെന്‍റിലേറ്ററുകളിലും രോഗികളെ പ്രവേശിപ്പിച്ചു കഴിഞ്ഞു.
ഇനിയും കോവിഡ് കേസുകളുടെ എണ്ണം കൂടിയാൽ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്‍റെ കപ്പാസിറ്റിയെ തകർക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. അത് തടയുന്നതിനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം. സംസ്ഥാനത്ത് രൂക്ഷമായ ഓക്‌സിജൻ പ്രതിസന്ധിയില്ലെന്നും ശൈലജ ടീച്ചർ പറഞ്ഞു.
മീഡിയ വണ്ണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ 70 ശതമാനത്തോളം വെന്‍റിലേറ്ററുകളിലും രോഗികളെ പ്രവേശിപ്പിച്ചു കഴിഞ്ഞു. ലോക മാർക്കറ്റിലെ വെന്‍റിലേറ്ററുകളുടെ ലഭ്യതക്കുറവ് തിരിച്ചടിയായി. ലോക്ക് ഡൗൺ തുടരണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ലോക്ക് ഡൗൺ പിൻവലിച്ചാലും എല്ലാവരും സെൽഫ് ലോക്ക് ഡൗണിൽ തുടരണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. കോവിഡ് വൈറസ് പൂർണമായും ലോകത്ത് ഇല്ലാതാകുന്നത് വരെ എല്ലാവരും ജാഗ്രത പാലിക്കണം.
മൂന്നാം തരംഗം ഉണ്ടായാലും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി. അടുത്ത പ്രാവശ്യവും ആരോഗ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നായിരുന്ന ശൈലജ ടീച്ചറുടെ മറുപടി.