എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; യുവാവ് പിടിയിൽ
എയർ ഇന്ത്യ വിമാനത്തിൽ വച്ച് കുഞ്ഞിനേറ്റ ഭക്ഷ്യവിഷബാധ ഭീഷണിക്ക് പ്രേരിപ്പിച്ചുവെന്ന് യുവാവ്
കൊച്ചി: എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മലപ്പുറം സ്വദേശി ശുഹൈബാണ് പിടിയിലായത്.. കമ്പനി നൽകിയ പരാതിയിലാണ് നടപടി.
ഇന്ന് പുലർച്ചെ എയർ ഇന്ത്യയുടെ മുംബൈ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. എയർ ഇന്ത്യയുടെ കൊച്ചി-ലണ്ടൻ വിമാനത്തിൽ ബോംബ് വയ്ക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫോൺ വിളിച്ചത് ശുഹൈബ് ആണെന്ന് വ്യക്തമാകുന്നത്. ഇതേ വിമാനത്തിൽ പോകാൻ ശുഹൈബ് ടിക്കറ്റെടുത്തിരുന്നു. തുടർന്ന് യാത്രയ്ക്കായി എത്തിയപ്പോൾ കൊച്ചി വിമാനത്താവളത്തിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എയർ ഇന്ത്യ വിമാനത്തിൽ വെച്ച് തന്റെ കുഞ്ഞിന് ഭക്ഷ്യവിഷബാധയുണ്ടായതാണ് ഭീഷണി സന്ദേശമയയ്ക്കാൻ പ്രകോപിപ്പിച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയ വിവരം. ഈ വിമാനത്തിൽ നിന്ന് യാത്രാടിക്കറ്റ് മാറ്റിനൽകാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ നിഷേധിച്ചു. കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് ശുഹൈബ് വ്യാജഭീഷണി മുഴക്കിയത്. എന്തായാലും ഭീഷണിക്ക് പിന്നാലെ സിഐഎസ്എഫും എയർപോർട്ട് സെക്യൂരിറ്റി ഗ്രൂപ്പും നടത്തിയ സമഗ്രമായ പരിശോധനയ്ക്ക് ശേഷം വിമാനം ലണ്ടനിലേക്ക് പറന്നു.