കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരാതിയുമായി കൊടിക്കുന്നിൽ സുരേഷ്
ആരോപണങ്ങൾ പരിശോധിക്കുമെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉറപ്പ് നൽകിയിട്ടുണ്ട്
റായ്പൂർ: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ എ.ഐ.സി.സി യിൽ പരാതിപ്പെട്ട് കൊടിക്കുന്നിൽ സുരേഷ്. ആരോപണങ്ങൾ പരിശോധിക്കുമെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉറപ്പ് നൽകിയിട്ടുണ്ട്. കൂടിയാലോചനകൾ നടത്തി എന്ന വി ഡി സതീശന്റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ലെന്നും സംവരണം വഴിയാണ് കൂടുതൽ പേരെ ഉൾപെടുത്തിയത് എന്നാണ് പറയുന്നത്, എന്നാൽ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ഇന്നലെ പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി രമേശ് ചെന്നിത്തലയും ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തുകയും കൂടിയാലേചന നടന്നിട്ടില്ലെന്ന ആക്ഷേപം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ കെ.പി.സി.സി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും ഇതിനെ തള്ളിയിരുന്നു.
കഴിഞ്ഞ ദിവസം ആരംഭിച്ച കോൺഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനത്തിൽ 15,000-ത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. മറ്റ് പ്രതിപക്ഷ പാർട്ടികളുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം ഉൾപ്പെടെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്ലീനറി സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തിയതോ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമായി. പ്ലീനറി സമ്മേളനത്തെ തകർക്കാൻ ബി.ജെ.പി ശ്രമിച്ചുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഖാർഗെ പറഞ്ഞു. 'അതിന്റെ ഭാഗമായി ഇഡി പരിശോധനകൾ നടത്തി. നേതാക്കളെ അറസ്റ്റ് ചെയ്തു. എന്നിട്ടും അതിനെയെല്ലാം അതിജീവിച്ച് നമ്മൾ ഒത്തുകൂടി. ഭയന്നിരിക്കാൻ കോൺഗ്രസിന് ആകില്ല. കേന്ദ്ര സർക്കാർ നയങ്ങൾ സമസ്ത മേഖലകളേയും തകർത്തു. നമ്മളുണ്ടാക്കിയതെല്ലാം സർക്കാർ വിറ്റ് തുലയ്ക്കുന്നു'. ഗുണകരമായ ഒന്നും സർക്കാരിൽ നിന്ന് ഉണ്ടാകുന്നില്ലെന്നും ഖാർഗെ പറഞ്ഞു.