കോടിയേരിയുടെ സംസ്കാരം തിങ്കളാഴ്ച; കണ്ണൂരിൽ രണ്ടുദിവസം പൊതുദർശനം
നാളെ പൂർണ്ണമായും തലശ്ശേരി ടൗൺ ഹാളിലാണ് പൊതു ദർശനം
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാക്കളിൽ ഒരാളും സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച്ച നടക്കും. മൃതദേഹം ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ നാളെ ഉച്ചയോടെ തലശ്ശേരിയിൽ എത്തിക്കും. കണ്ണൂരിൽ രണ്ടുദിവസം പൊതുദർശനം നടക്കും.
നാളെ പൂർണ്ണമായും തലശ്ശേരി ടൗൺ ഹാളിലാണ് പൊതു ദർശനം. തുടർന്ന് തിങ്കളാഴ്ച കോടിയേരി മാടപ്പീടികയിലെ വസതിയിലും അന്ന് രാവിലെ 11 മുതൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനം നടക്കും. തുടർന്ന് മൂന്ന് മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് വിവരം.
അർബുദബാധിതനായി കഴിഞ്ഞ കുറേനാളായി ചികിത്സയിലായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഇന്ന് രാത്രി എട്ട് മണിയോടെയാണ് അന്തരിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. 69 വയസായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 29നാണ് രോഗം മൂർച്ഛിച്ച് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിച്ചത്. ഇന്ന് ആരോഗ്യനില വഷളാകുകയായിരുന്നു.
കോടിയേരിയുടെ വിയോഗത്തിൽ അനുശോചിച്ച് എകെജി സെന്ററിൽ കൊടി താഴ്ത്തി കെട്ടി. സ്ഥായിയായ ചിരിയും സ്നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയ ഭേദമന്യേ കോടിയേരി എല്ലാവർക്കും പ്രിയങ്കരനായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുസ്മരിച്ചു. നിരവധി നേതാക്കളാണ് അനുശോചനവുമായി എത്തുന്നത്. കമ്യൂണിസ്റ്റ് പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും തീരാ നഷ്ടം തന്നെയാണ് സഖാവ് കോടിയേരിയുടെ വിയോഗം.