കോൺഗ്രസ് 16 സീറ്റുകളിൽ വിജയിക്കുമെന്ന് കെ.പി.സി.സി വിലയിരുത്തൽ
ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിൽ കനത്ത മത്സരം
തിരുവനന്തപുരം: കോൺഗ്രസ് മത്സരിച്ച 16 സീറ്റിലും വിജയിക്കുമെന്ന് കെ.പി.സി.സി നേതൃയോഗത്തിൽ വിലയിരുത്തൽ. ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിൽ കനത്ത മത്സരമാണ് നടന്നത്. പോളിങ് കുറഞ്ഞത് ഇടതുമുന്നണിക്ക് ക്ഷീണമാകും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടായിരുന്നു. തൃശ്ശൂരിൽ കാന്തപുരം വിഭാഗത്തിന്റെ വോട്ടുകളും ആറ്റിങ്ങലിൽ എസ്.എൻ.ഡി.പി വോട്ടുകളും ലഭിച്ചെന്നും നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി. കണ്ണൂരിൽ ആദ്യഘട്ടത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും അവസാനത്തോടെ അത് പരിഹരിച്ചു. വിജയം ഉറപ്പാണെന്നും കെ സുധാകരൻ നേതൃയോഗത്തിൽ പറഞ്ഞു.
കെ.പി.സി.സി യോഗത്തിൽ നേതൃത്വത്തിനെതിരെ സ്ഥാനാർഥികൾ വിമർശനമുയർത്തി. ബ്ലോക്ക് തലം മുതൽ കെ.പി.സി.സി തലം വരെ നടത്തിയ പുനഃസംഘടന തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വിമർശനം. കോൺഗ്രസ് മത്സരിച്ച എല്ലാ സീറ്റിലും വിജയിക്കുമെന്നും സ്ഥാനാർഥികൾ അവകാശവാദമുന്നയിച്ചു.
തൃശൂരിൽ 20000-ൽ കുറയാത്ത ഭൂരിപക്ഷം ലഭിക്കുമെന്ന് യോഗത്തിൽ വിലയിരുത്തലുണ്ടായി. നാട്ടിക, പുതുക്കാട് മണ്ഡലങ്ങളിൽ സുനിൽ കുമാർ ലീഡ് ചെയ്യും. ബാക്കി അഞ്ച് മണ്ഡലങ്ങളും തങ്ങൾക്കൊപ്പമെന്നാണ് കോൺഗ്രസിന്റെ കണക്ക്കൂട്ടൽ. പാലക്കാട് 25000 വോട്ടിനു ജയിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠൻ. കഴിഞ്ഞ തവണ താൻ മൂന്നാം സ്ഥാനത്ത് പോകുമെന്ന് വരെ ഇടതുമുന്നണി പ്രചാരണം നടത്തിയിരുന്നു. ഇത്തവണ തോൽക്കുമെന്ന് പറയുന്നത് സമാന പ്രചാരണത്തിന്റെ ഭാഗമാണെന്നും ശ്രീകണ്ഠൻ വ്യക്തമാക്കി.