കെപിസിസി പട്ടിക ഗ്രൂപ്പടിസ്ഥാനത്തിലല്ല, മുതിര്‍ന്ന നേതാക്കള്‍ തൃപ്തര്‍; വിഡി സതീശന്‍
ജംബോ പട്ടിക ഉണ്ടാകില്ലെന്ന തീരുമാനമെടുത്തതിനാല്‍ 51 അംഗ ഭാരവാഹി പട്ടികയാവും പുറത്തിറങ്ങുക.
കെപിസിസി പട്ടിക ഗ്രൂപ്പടിസ്ഥാനത്തിലല്ലെന്നും പ്രഖ്യാപനം ഇന്നുണ്ടാവില്ലെന്നും വിഡി സതീശന്‍. ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നത് വനിതാ പ്രാധാന്യം ഉറപ്പാക്കാന്‍ വേണ്ടിയാണ്. മുതിര്‍ന്ന നേതാക്കള്‍ തൃപ്തരാണെന്നാണ് പ്രതീക്ഷയെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജംബോ പട്ടിക ഉണ്ടാകില്ലെന്ന തീരുമാനമെടുത്തതിനാല്‍ 51 അംഗ ഭാരവാഹി പട്ടികയാവും പുറത്തിറങ്ങുക. എ- ഐ ഗ്രൂപ്പുകള്‍ നല്‍കിയ ചില പേരുകള്‍ മാത്രമെ 51 അംഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കിയ പേരുകളും പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. ഡിസിസി അധ്യക്ഷന്മാരായവരെ എക്‌സിക്യുട്ടീവില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് നേരത്തേ ഉണ്ടായ ധാരണ. എന്നാല്‍ ഒരു വര്‍ഷം മൂന്‍പ് മാത്രം പ്രസിഡന്റ് ആവുകയും പിന്നീട് ചുമതലയില്‍ നിന്ന് മാറ്റപ്പെടുകയും ചെയ്ത രണ്ട് മുന്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് ഇളവ് നല്‍കണമെന്നാണ് പുതിയ ആവശ്യം. മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നതിനെ മുതിര്‍ന്ന നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. വനിത പ്രാധിനിത്യം ഉറപ്പാക്കാനായി പത്മജയക്കും ബിന്ദു കൃഷ്ണയ്ക്കും ഇളവ് നല്‍കിയേക്കും.
ഇന്നലെ രാത്രി വൈകിയും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഹൈക്കമാന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. അന്തിമ പട്ടിക ഹൈക്കമാന്റിന് സമര്‍പ്പിച്ചു. പട്ടിക നാളെ പുറത്തിറങ്ങിയേക്കും. വിഡി സതീശന്‍ കേരളത്തിലേക്ക് മടങ്ങി. കെ സുധാകരന്‍ ഡല്‍ഹിയില്‍ തങ്ങുകയാണ്.