'പ്രതിഷേധത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ട്, സർക്കാറിനെ അപകീർത്തിപ്പെടുത്തിയിട്ടില്ല'; സ്ഥലം മാറ്റിയ വനിതാകണ്ടക്ടർ
താനല്ല ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും അഖില എസ്.നായര്‍
കോട്ടയം: 'ശമ്പള രഹിതസേവനം 41-ാം ദിവസം' എന്ന ബാഡ്ജ് അണിഞ്ഞ് സമരം നടത്തിയ കെ.എസ്.ആർ.ടി.സി വൈക്കം ഡിപ്പോയിലെ വനിതാ കണ്ടക്ടർ അഖില എസ്. നായരെ കഴിഞ്ഞദിവസം സ്ഥലം മാറ്റിയത് വലിയ വാർത്തയായിരുന്നു. ബാഡ്ജ് ധരിച്ച് ജോലിചെയ്യുന്ന അഖിലയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. എന്നാൽ സംഭവത്തിൽ വിശദീകരണവുമായി അഖില രംഗത്തെത്തി.
സർക്കാറിനെ അപകീർത്തിപ്പെടുത്താനല്ല താനിത് ചെയ്തതെന്നാണ് അഖില പറയുന്നത്. ശമ്പളം കിട്ടാത്തതിനെ തുടർന്ന് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി.ഇതിൽ നിന്നും ഉണ്ടായ പ്രതികരണമാണ് ഇത്തരത്തിലുള്ള പ്രതിഷേധത്തിലേക്ക് നയിച്ചത്. താനല്ല ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും അഖില പറയുന്നു. സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ട് പോലും തനിക്കില്ലെന്നും വനിതാകണ്ടക്ടർ പറയുന്നു.
പാലാ ഡിപ്പോയിലേക്കാണ് അഖിലയെ സ്ഥലം മാറ്റിയത്. ജനുവരി 11 നാണ് ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അഖില ബാഡ്ജ് ധരിച്ച് ഡ്യൂട്ടിക്ക് എത്തിയത്.അഖിലയുടെ പ്രതിഷേധം സർക്കാറിനെയും കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനെയും അപകീർത്തിപ്പെടുത്തുന്നതായിരുന്നെന്നാണ് സ്ഥലംമാറ്റ ഉത്തരവിൽ പറയുന്നത്.