ബസ് യാത്രക്കിടെ മൂത്രമൊഴിക്കാനിറങ്ങിയ വയോധികനെയും ചെറുമക്കളെയും വഴിയിലുപേക്ഷിച്ച കെഎസ്ആർടിസി ജീവനക്കാരന് സസ്‌പെൻഷൻ
മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ജിൻസ് ജോസഫിനെ ആണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. മീഡിയാ വൺ വാർത്തയെ തുടർന്നാണ് നടപടി.
ഇടുക്കി: ബസ് യാത്രക്കിടെ മൂത്രമൊഴിക്കാനിറങ്ങിയ അർബുദരോഗിയായ വയോധികനേയും ചെറുമക്കളേയും വഴിയിലുപേക്ഷിച്ചതിൽ കെഎസ്ആർടിസി ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ജിൻസ് ജോസഫിനെ ആണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. മീഡിയാ വൺ വാർത്തയെ തുടർന്നാണ് നടപടി.
മേയ് 23ന് ഏഴും 13ഉം വയസ്സുള്ള പെൺകുട്ടികളുമായി തൊടുപുഴയിലെ മകളുടെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് 73 വയസ്സുള്ള വാസുദേവൻ നായർക്ക് ദുരനുഭവമുണ്ടായത്. ഏലപ്പാറയിൽ നിന്നും തൊടുപുഴയിലേക്കുള്ള യാത്രക്കിടെ മൂലമറ്റം പിന്നിട്ടപ്പോൾ ഇളയ കുട്ടി ടോയ്ലറ്റിൽ പോകണം എന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം വാസുദേവൻ നായർ കണ്ടക്ടറോട് രണ്ടു തവണ പറഞ്ഞെങ്കിലും ബസ് നിർത്താൻ തയ്യാറായില്ല. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മുട്ടത്തുള്ള ഹോട്ടലിന് മുന്നിൽ മൂന്നുപേരെയും ഇറക്കിയശേഷം ബസ് വിട്ടു പോയി. ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വാസുദേവൻ നായർ തൊടുപുഴ ഡിടിഒക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദീർഘദൂര യാത്രക്കിടെ ഇത്തരമൊരു ആവശ്യം അറിയിച്ചിട്ടും പെൺകുട്ടികളാണെന്ന പരിഗണന നൽകാതെയും യാത്രക്കാരന്റെ പ്രായം മാനിക്കാതെയുമുള്ള കണ്ടക്ടറുടെ നടപടി ഉത്തരവാദിത്വമില്ലായ്മയും കൃത്യനിർവഹണത്തിലെ ഗുരുതര വീഴ്ചയുമാണെന്ന് ചൂണ്ടിക്കാട്ടി തൊടുപുഴ സ്‌ക്വാഡ് ഇൻസ്‌പെക്ടർ റിപ്പോർട്ട് നൽകിയിരുന്നു.