കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഈ മാസം 10 ന് ശമ്പളം ലഭിക്കില്ല; പണിമുടക്കിലെ നഷ്ടം 4 കോടിയിലധികമെന്ന് മാനേജ്‌മെന്റ്
ശമ്പളം നൽകാനായി കെ.ടി.ഡി.എഫ്.സിയിൽ നിന്നടക്കം വായ്പക്ക് ശ്രമിക്കുന്നതായും കെ.എസ്.ആർ.ടി.സി ധനകാര്യ വിഭാഗം അറിയിച്ചു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഈ മാസം 10 ന് ശമ്പളം ലഭിക്കില്ല. യൂണിയനുകളുമായി നടന്ന ചർച്ചയിൽ 10ാം തീയ്യതിക്കകം ശമ്പളം നൽകാമെന്നായിരുന്നു ധാരണയുണ്ടായിരുന്നത്. അതേ സമയം പണിമുടക്ക് മൂലം നാല് കോടിയിലധികം രൂപയാണ് നഷ്ടമുണ്ടായതെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. 10 നകം ശമ്പളം നൽകാനായിരുന്നു തീരുമാനിച്ചതെങ്കിലും ഇത്രയും വലിയ നഷ്ടമുണ്ടായതിനെ തുടർന്ന് ശമ്പളം നൽകാനാവില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ശമ്പളം നൽകാനായി കെ.ടി.ഡി.എഫ്.സിയിൽ നിന്നടക്കം വായ്പക്ക് ശ്രമിക്കുന്നതായും കെ.എസ്.ആർ.ടി.സി ധനകാര്യ വിഭാഗം അറിയിച്ചു. സർക്കാർ 30 കോടി രൂപ മാത്രമേ നൽകൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.
അഞ്ചാം തീയതിയാണ് യൂണിനയനുമായി കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് ചർച്ച നടത്തിയത്. ഈ മാസം പത്തിന് ശമ്പളം നൽകുമെന്ന് കെ എസ് ആർ ടി സി എം ഡി ബിജു പ്രഭാകർ യോഗത്തിൽ ഉറപ്പുനൽകിയിരുന്നു. കഴിഞ്ഞ വിഷുവിനും ഈസ്റ്ററിനും കെ.എസ്.ആർ.ടി സി മാനേജ്‌മെന്റ് ജീവനക്കാരെ പട്ടിണിക്കിട്ടെന്നും ഈ മാസവും ശമ്പളം ലഭിക്കാൻ സാധ്യതയില്ലെന്ന് മനസിലായതോടെയാണ് സമരത്തിനിറങ്ങുന്നതെന്നും പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പറയുന്നത്. 87 ശതമാനത്തോളം ജീവനക്കാരും ഇന്നലെ പണിമുടക്കിൽ പങ്കെടുത്തിരുന്നു.