കെ.എസ്.ആര്‍.ടി.സി യിൽ മെയ് മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി
ഡ്രൈവർമാർക്കും കണ്ടക്ടർമാര്‍ക്കുമാണ് ശമ്പളം ലഭിച്ച് തുടങ്ങിയത്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി യിൽ മെയ് മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. ഡ്രൈവർമാർക്കും കണ്ടക്ടർമാര്‍ക്കുമാണ് ശമ്പളം ലഭിച്ച് തുടങ്ങിയത്. ഇന്ന് മുതൽ ശമ്പളം നൽകാന്‍ ഗതാഗത മന്ത്രി ആന്‍റണി രാജു മാനേജ്മെന്‍റിന് നിർദേശം നൽകിയിരുന്നു. 35 കോടി രൂപ അധിക സഹായം കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടു.
മെയ് മാസത്തെ ശമ്പളം ജൂണ്‍ പകുതിയായിട്ടും കെ.എസ്.ആർ.ടി സിക്ക് നൽകാനായിരുന്നില്ല. ഇതിനെത്തുടർന്ന് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ അഞ്ചാം തിയതി മുതൽ സമരം ശക്തിപ്പെട്ടു വരികയാണ്.
തിങ്കളാഴ്ച മുതല്‍ യൂണിയനുകള്‍ സമരം കടുപ്പിക്കാനിരിക്കെയാണ് ശമ്പള വിതരണം തുടങ്ങുന്നത്. ഇതിനായി 50 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റെടുത്തു. നാളെയോടെ ആദ്യ ഘട്ട ശമ്പള വിതരണം പൂര്‍ത്തിയാകും. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഭരണ പക്ഷ സംഘടനയായ സിഐടിയു പറയുന്നത്.