അപകടങ്ങള്‍ വര്‍ധിക്കുന്നു; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും
ആഴ്ചയില്‍ മൂന്ന് മുതല്‍ അഞ്ച് വരെ അപകടം കെഎസ്ആര്‍ടിസി ബസ് കാരണം കേരളത്തിലുണ്ടാകാറുണ്ട്
തിരുവനന്തപുരം: അപകടം ഒഴിവാക്കുന്നതിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അടിയന്തര നടപടി. രണ്ട് മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും ഈ പരിശീലനം നല്‍കണമെന്ന് യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ആഴ്ചയില്‍ മൂന്ന് മുതല്‍ അഞ്ച് വരെ അപകടം കെഎസ്ആര്‍ടിസി ബസ് കാരണം കേരളത്തിലുണ്ടാകാറുണ്ട്. അപകടത്തോത് കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നിര്‍ദേശമാണ് ആക്സിഡന്റസ് സെല്‍ വര്‍ക്ക് മാനേജര്‍ ഡിപ്പോ ഓഫീസര്‍മാര്‍ക്ക് നല്‍കിയത്. രണ്ട് മാസത്തിലൊരിക്കല്‍ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ക്ക് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പരിശീലനങ്ങള്‍ നിര്‍ബന്ധമായും നല്‍കണം. എല്ലാ മാസവും യൂണിറ്റ് തലത്തില്‍ അപകടവുമായി ബന്ധപ്പെട്ട അവലോകന യോഗം ചേരണം.
മാസത്തിലെ നാലാമത്തെ ശനിയാഴ്ചയാണ് യൂണിറ്റ് തല അപകട അവലോകനം ചേരേണ്ടത്. ഗുരുതര അപകടമാണെങ്കില്‍ വിശകലനം നടത്തി കാരണം കണ്ടുപിടിക്കുകയും , ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കുകയും വേണം. സിഎംഡി തലത്തില്‍ നടത്തുന്ന യോഗത്തിലും യൂണിറ്റ് ഓഫീസര്‍, ഗ്യാരേജ് ഹെഡ് എന്നിവര്‍ ഗുരുതര അപകടങ്ങളുടെ വിശദ റിപ്പോര്‍ട്ട് അവതരിപ്പിക്കണം.