മന്ത്രി ശശീന്ദ്രന്‍ ഇടപ്പെട്ട പീഡന പരാതി: കുണ്ടറ സി.ഐയെ സ്ഥലം മാറ്റി
കേസ് അന്വേഷണത്തിൽ സി.ഐയ്ക്ക് വീഴ്ച്ച പറ്റിയെന്ന് ഡി.ഐ.ജി റിപ്പോർട്ട് നൽകിയിരുന്നു
മന്ത്രി എ.കെ ശശീന്ദ്രന്‍റെ ഇടപെടലിനെ തുടര്‍ന്ന് വിവാദമായ കുണ്ടറ പീഡന പരാതിയില്‍ നടപടി. സംഭവത്തില്‍ കുണ്ടറ സി.ഐ എസ് ജയകൃഷ്ണനെ സ്ഥലം മാറ്റി. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സി.ഐയായ എസ് മഞ്ചുലാലാണ് കുണ്ടറയിലെ പുതിയ സി.ഐ. കേസ് അന്വേഷണത്തിൽ സി.ഐയ്ക്ക് വീഴ്ച്ച പറ്റിയെന്ന് ഡി.ഐ.ജി റിപ്പോർട്ട് നൽകിയിരുന്നു.
എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയാണ് എന്‍.സി.പി നേതാവിന്‍റെ മകള്‍ പീഡനപരാതി ഉന്നയിച്ചത്. ഈ പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രന്‍ ശ്രമിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. മീഡിയവണ്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തുവിടുന്നത്. ആരോപണവിധേയനായ പത്മാകരന് എതിരെ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും പെണ്‍കുട്ടി വ്യക്തമാക്കി. പത്മാകരന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അതെ സമയം പീഡന പരാതിയില്‍ പ്രതിസ്ഥാനത്തുള്ള പത്മാകരനെതിരെ എന്‍.സി.പി നടപടിയെടുത്തു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ് നടപടി. സംഭവത്തില്‍ നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്‍റ് എസ്. രാജീവിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.