സി.പി.എം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിൽനിന്ന് കുഞ്ഞാലിക്കുട്ടി പിന്മാറി
പാർട്ടിയിൽനിന്നും മുന്നണിയിൽനിന്നും വലിയ എതിർപ്പുയർന്ന പശ്ചാത്തലത്തിലാണ് സി.പി.എം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിൽനിന്ന് കുഞ്ഞാലിക്കുട്ടി പിന്മാറിയത്.
കണ്ണൂർ: എം.വി.ആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിൽനിന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പിന്മാറി. പാർട്ടിയിൽനിന്നും മുന്നണിയിൽനിന്നും വലിയ എതിർപ്പുയർന്ന പശ്ചാത്തലത്തിലാണ് സി.പി.എം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിൽനിന്ന് കുഞ്ഞാലിക്കുട്ടി പിന്മാറിയത്. പരിപാടിയിൽ പങ്കെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് അവസാന നിമിഷം അദ്ദേഹം സംഘാടകരെ വിളിച്ചറിയിക്കുകയായിരുന്നു.
എം.വി.ആർ അനുസ്മരണം കഴിഞ്ഞ കുറേ കാലമായി സി.എം.പിയിലെ രണ്ട് വിഭാഗങ്ങൾ വെവ്വേറ പരിപാടിയായാണ് നടത്താറുള്ളത്. ഇതിൽ അരവിന്ദാക്ഷൻ വിഭാഗം പിന്നീട് സി.പി.എമ്മിൽ ലയിക്കുകയും ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ഈ ട്രസ്റ്റ് പ്രവർത്തിക്കുന്നത്. എം.വി നികേഷ് കുമാർ അടക്കമുള്ളവർ ഇതിൽ അംഗങ്ങളാണ്.
'കേരള നിർമിതിയിൽ സഹകരണമേഖലയുടെ പങ്ക്' എന്ന സെമിനാറിൽ മുഖ്യപ്രഭാഷകനായാണ് കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചിരുന്നത്. ഇന്നലെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴും പങ്കെടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. എന്നാൽ ജില്ലാ ലീഗ് നേതൃത്വവും യു.ഡി.എഫിനൊപ്പമുള്ള സി.പി ജോൺ വിഭാഗവും കുഞ്ഞാലിക്കുട്ടിയെ എതിർപ്പറയിച്ചതോടെയാണ് അദ്ദേഹം പരിപാടിയിൽനിന്ന് പിന്മാറിയത്.
എം.വി.ആറിന്റെ മകൻ നികേഷ് കുമാറാണ് തന്നെ ക്ഷണിച്ചതെന്നും എം.വി.ആറുമായുള്ള അടുപ്പംകൊണ്ടാണ് പങ്കെടുക്കാമെന്ന് സമ്മതിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ പരിപാടിയിൽ കോൺഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ള അടക്കമുള്ളവർ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ മാധ്യമങ്ങൾ താൻ ഇടതുപക്ഷ വേദിയിൽ പങ്കെടുക്കുന്നു എന്ന രീതിയിൽ വാർത്ത വളച്ചൊടിച്ചു നൽകിയ സാഹചര്യത്തിൽ എം.വി. ആറിന്റെ പേരിലുള്ള ഒരു പരിപാടി ഒരു വിവാദത്തിനും ചർച്ചക്കും വിട്ട് കൊടുക്കാൻ താൽപര്യമില്ലാത്തത് കൊണ്ട് അനുസ്മരണ പ്രഭാഷണം അയച്ചു കൊടുക്കുകയും ഏറെ പ്രിയപ്പെട്ട എം.വി.ആറിന്റെ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ കുടുംബം ക്ഷണിച്ചിട്ടും ആ പരിപാടിയിൽ എനിക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം അതീവ ദുഃഖത്തോടെ അവരെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.