തന്നെ പുറത്താക്കുകയാണ് ലക്ഷ്യം, സ്ഥാനമാനങ്ങൾ തന്നെങ്കിൽ പാർട്ടിക്ക് വേണ്ടി പണിയെടുത്തിട്ടുമുണ്ട്: കെ.വി തോമസ്
കോൺഗ്രസിനെ നശിപ്പിക്കാനാണ് സുധാകരൻ ശ്രമിക്കുന്നത്. എ.ഐ.സി.സിക്ക് വിശദീകരണം നൽകിയിട്ടുണ്ട്. ഉചിതമായ തീരുമാനം എ.ഐ.സി.സി നേതൃത്വം എടുക്കും
എറണാകുളം: തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ ശ്രമിക്കുന്നതെന്ന് കെ.വി തോമസ്. കോൺഗ്രസിനെ നശിപ്പിക്കാനാണ് സുധാകരൻ ശ്രമിക്കുന്നത്. എ.ഐ.സി.സിക്ക് വിശദീകരണം നൽകിയിട്ടുണ്ട്. ഉചിതമായ തീരുമാനം എ.ഐ.സി.സി നേതൃത്വം എടുക്കും. 2024ൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് ഒറ്റക്ക് കഴിയില്ലെന്നും കെ വി തോമസ് പറഞ്ഞു.
തന്നെ പുറത്താക്കാന്‍ നേരത്തെ ഈ ശ്രമം തുടങ്ങിയിട്ടുണ്ട്. ഖദർ ഇട്ടാൽ മാത്രം കോൺഗ്രസ് ആകില്ല. ഇങ്ങനെയൊരു നേതൃത്വം കേരളത്തില്‍ വേണോ എന്ന് നേതൃത്വം ആലോചിക്കണം. സ്ഥാനമാനങ്ങൾ തന്നിട്ടുണ്ടെങ്കിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. എന്റേത് മാത്രമല്ല, കെ.സുധാകരന്‍റെയും സാമ്പത്തികം അന്വേഷിക്കണം. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നേടിയത് താന്‍ മാത്രമല്ല. തന്നെക്കാള്‍ പ്രായമുള്ളവര്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇപ്പോഴുമുണ്ട്- കെവി തോമസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം പാർട്ടി വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന് എ.ഐ.സി.സി അച്ചടക്ക സമിതി നൽകിയ നോട്ടീസിന് കെ.വി തോമസ് ഇന്ന് രേഖാമൂലം മറുപടി നൽകും.
ഇന്നലെ ഇ-മെയിൽ മുഖേനെ മറുപടി നൽകിയിരുന്നു. സിപിഎം സെമിനാറുകളിൽ മുമ്പ് കേരള നേതാക്കൾ പങ്കെടുത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മറുപടിയിൽ ചൂണ്ടിക്കാട്ടിയതായാണ് വിവരം. ഇന്ന് നടക്കുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലേക്ക് കെ.വി തോമസിനെ ക്ഷണിച്ചിട്ടില്ല. കോൺഗ്രസ് അച്ചടക്ക സമിതി വിശദീകരണം ചോദിച്ചതിനെ തുടർന്നാണ് കെ.വി തോമസിനെ യോഗത്തിലേക്ക് ക്ഷണിക്കാത്തതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.