മോദിയോടും അമിത്‍ ഷായോടും നല്ല ബന്ധം, കേരളത്തിന് ഇത് ഗുണം ചെയ്യും: കെ.വി തോമസ്

കെവി തോമസിന്റെ പ്രതികരണം മീഡിയവൺ എഡിറ്റോറിയലില്‍

Update: 2023-01-21 05:45 GMT
Advertising

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തര മന്ത്രി അമിത്ഷായുമായുള്ള തന്റെ അടുപ്പം സംസ്ഥാനത്തിന് പ്രയോജനം ചെയ്യുമെന്ന് ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക  പ്രതിനിധിയായി നിയമിതനായ പ്രൊഫസര്‍ കെവി തോമസ്. മീഡിയവൺ എഡിറ്റോറിയലിലായിരുന്നു കെവി തോമസിന്റെ പ്രതികരണം. 

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതലുള്ള ബന്ധമാണ്. വ്യവസായി ഗൗതം അദാനിയുമായി 30 വര്‍ഷമായുള്ള അടുപ്പമാണ്. അദാനി ഗ്രൂപ്പിന് കേരളത്തിൽ ഇനിയും സാധ്യതയുണ്ട്. അതിനായി താൻ പ്രവര്‍ത്തിക്കും. തന്‍റെ നിയമനം കാരണം പാഴ്ചിലവുകൾ ഉണ്ടാക്കില്ലെന്നും കെവി തോമസ് പറഞ്ഞു. 



കഴിഞ്ഞ ദിവസമാണ് കെ.വി തോമസിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയാക്കാൻ  മന്ത്രിസഭായോഗം  തീരുമാനമെടുത്തത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം. പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് കെ.വി തോമസിനെ നേരത്തേ പുറത്താക്കിയിരുന്നു. 

സിപിഎമ്മിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിനാണ് കെ.വി തോമസിനെതിരെ നടപടിയുണ്ടായത്. അതിന് ശേഷം സിപിഎമ്മും മുഖ്യമന്ത്രിയുമായും അടുത്ത ബന്ധം പുലര്‍ത്തിയ കെ.വി തോമസിനെ ഭരണപരിഷ്കാര കമ്മീഷന്‍ അടക്കമുള്ള പദവികളിലേക്ക് പരിഗണിച്ചിരിന്നു. എന്നാല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച കെ.വി തോമസിനെ അവിടെ തന്നെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 

നേരത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ എ സമ്പത്തിന് സമാനമായ നിയമനം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മന്ത്രിയായും എം.പിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച് പരിചയമുള്ള കെ.വി തോമസിന് ഉദ്യോഗസ്ഥ തലത്തില്‍ അടക്കം ഉള്ള ബന്ധം സംസ്ഥാനത്തിന് ഉപയോഗപ്പെടുത്താന്‍ വേണ്ടിയാണ് നിയമനം നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 

Full View





Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News