ലക്ഷദ്വീപ് ജനതയെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകും; ബി.ജെ.പി നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ കണ്ടു
ഇന്നു വൈകിട്ട് നാലിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും നേതാക്കള്‍ ചര്‍ച്ച നടത്തും.
ലക്ഷദ്വീപ് ഭരണകൂടം വിവാദ പരിഷ്കാരങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ദ്വീപിലെ ബി.ജെ.പി നേതാക്കൾ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തി. ഡൽഹിയിലെ നദ്ദയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
ദ്വീപ് ജനതയെ വിശ്വാസത്തിലെടുത്തേ വികസനം നടത്തുവെന്ന് നദ്ദ പറഞ്ഞതായി ലക്ഷദ്വീപിന്‍റെ ചുമതലയുള്ള ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയ കരട് നിയമങ്ങളില്‍ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ കേന്ദ്രനേതൃത്വത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇന്നു വൈകിട്ട് നാലിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും നേതാക്കള്‍ ചര്‍ച്ച നടത്തും.
അതേസമയം, ലക്ഷദ്വീപിൽ നിയമ നിർമാണത്തെപ്പറ്റി പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ലോക്ക്ഡൗണായതിനാൽ അഭിപ്രായമറിയിക്കാൻ സാവകാശം തേടി ലക്ഷദ്വീപ് നിവാസികൾ തന്നെ സമർപ്പിച്ച ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.
ദ്വീപിൽ ലോക്ക്ഡൗൺ ഒരാഴ്ച്ചത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. നിലവിലെ നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ജൂൺ ഒമ്പതുവരെ നീട്ടിയത്. അഞ്ചു ദ്വീപുകൾ പൂർണമായും അടച്ചിടും. നിലവിൽ 2006 കോവിഡ് കേസുകളാണ് ലക്ഷദ്വീപിലുള്ളത്.